കൊൽക്കത്ത : സന്ദേശ്‌ഖാലി കൂട്ടബലാത്സംഗം, അഴിമതി കേസുകളിൽ പ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ വിസമ്മതിച്ച് ബംഗാളിലെ മമത സർക്കാർ. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ കൊൽക്കത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പശ്ചിമ ബംഗാൾ സർക്കാരിനോട് ഉത്തരവിട്ടിരുന്നത്.
ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ ബംഗാൾ സർക്കാർ വിസമ്മതിച്ചതോടെ ഈ വിഷയം ഇപ്പോൾ സുപ്രീംകോടതിയിൽ എത്തിയിരിക്കുകയാണ്. സന്ദേശ്ഖാലിയിൽ നിരവധി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും റേഷൻ വിതരണവുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടത്തുകയും ചെയ്തിട്ടുള്ള ആളാണ് ഷെയ്ഖ് ഷാജഹാൻ. ഇയാൾക്കെതിരെയുള്ള അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ ഇയാളെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിച്ചു വന്നിട്ടുള്ളത്.
ജനുവരി അഞ്ചിനായിരുന്നു സന്ദേശ്ഖാലിയിൽ വെച്ച് ഷെയ്ഖ് ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. കോടികളുടെ റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥർ ഷെയ്ഖ് ഷാജഹാൻ്റെ വീട്ടിൽ റെയ്ഡ് നടത്താനെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ഷെയ്ഖ് ഷാജഹാനും സംഘവും ചേർന്ന് സന്ദേശ്ഖാലിയിലെ നിരവധി സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായും ഇയാൾക്കെതിരെ പരാതികൾ ഉണ്ട്. ഈ സംഭവങ്ങൾക്ക് ശേഷം 55 ദിവസത്തോളം ഒളിവിൽ കഴിഞ്ഞശേഷമാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 29ന് ഷെയ്ഖ് ഷാജഹാനെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
Discussion about this post