തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായ മുഖ്യസൂത്രധാരൻ സിപിഎം നേതാവ് എംഎം മണിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെറ്റിനറി കോളേജ് വിദ്യാർത്ഥി അക്ഷയ്ക്കെതിരെയാണ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചിരിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകനായ അക്ഷയ് ആണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സിദ്ധാർത്ഥിനെ തിരികെ വിളിച്ചതെന്ന് പറയപ്പെടുന്നത്.
എസ്എഫ്ഐ പ്രവർത്തകനായ അക്ഷയ് എംഎം മണിയുമായി അടുത്ത ബന്ധമുള്ള ആളാണെന്ന് രമേശ് സൂചിപ്പിച്ചു. ഇയാളെ ഇതുവരെ പോലീസ് പ്രതിപ്പട്ടികയിൽ ചേർത്തിട്ടില്ല എന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സിപിഎമ്മുമായുള്ള ഈ അടുത്ത ബന്ധങ്ങൾ കാരണം വളരെ ദുർബലമായ വകുപ്പുകൾ മാത്രമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സെക്ഷൻ 302 ചേർത്ത് കേസെടുക്കുന്നതിനു പകരം സെക്ഷൻ 306 ആണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇടുക്കി പാർട്ടി നേതൃത്വം കുറ്റക്കാരായ എസ്എഫ്ഐ പ്രവർത്തകരെ സംരക്ഷിക്കുകയാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കൊടി സുനിയെ പോലുള്ള ഭീകരരാണ് എസ്എഫ്ഐ പ്രവർത്തകർക്ക് ട്രെയിനിംഗ് നൽകുന്നത്. കോളേജുകളിൽ പ്രത്യേക സെല്ലുകൾ ഉണ്ടാക്കിയാണ് ഇവർ മർദ്ദനവും ആക്രമണവും കൊലപാതകവും എല്ലാം നടത്തുന്നത് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Discussion about this post