തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ മനുഷ്യ വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനം കൂടി ഇതിൽ ഉൾപ്പെടുത്തി ഏകോപിപ്പിക്കുമെന്നാണ് വിവരം.
പ്രശ്നപരിഹാരത്തിനായി നാല് സമിതികൾ രൂപീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന തല കോഡിനേഷൻ സമിതി , ഓരോ ജില്ലകളിലും ചുമതലകളുള്ള മന്ത്രിമാരുടെ സമിതി, ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള ഉദ്യോഗസ്ഥരുടെ സമിതി, ജാഗ്രത സമിതി എന്നിങ്ങനെയാണ് രൂപീകരിച്ചിട്ടുള്ള സമിതികൾ.
സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി അദ്ധ്യക്ഷനായി സമിതി രൂപീകരിക്കും. വനം വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എന്നിവർ അംഗങ്ങളും, ചീഫ് സെക്രട്ടറി കൺവീനറുമായിരിക്കും. ഈ സമിതി സംസ്ഥാന തലത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.
ചീഫ് വൈൽഡ് ലൈഫ് വാർഡനെ നോഡൽ ഓഫീസറായി നിയമിക്കും. ഇതിന്റെ നേതൃത്വത്തിൽ ഒരു കൺഡ്രോൾ റൂം സ്ഥാപിക്കും. വന്യജീവികൾ ഇറങ്ങുന്ന മേഖലകളിൽ വാട്‌സ്ആപ്പ് കൂടായ്മ തുടങ്ങുകയും ചെയ്യും. മറ്റു സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തി പെട്ടെന്ന് തന്നെ തീരുമാനമെടുക്കുക, നഷ്ടപരിഹാരം സംബന്ധിച്ച് പെട്ടെന്ന് മാർഗരേഖ ഉണ്ടാക്കുക, അത് വേഗം തന്നെ കൊടുക്കാൻ നടപടിയെടുക്കുക തുടങ്ങിയവയാണ് സമിതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ. വന്യജീവികളുടെ ആക്രമണങ്ങൾ കൂടിയ സാഹചര്യത്തിൽ പ്രതിഷേധങ്ങൾ കടുത്തതോടെയാണ് സർക്കാർ തീരുമാനങ്ങൾ എടുത്തത്.













Discussion about this post