ന്യൂഡൽഹി : യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യൻ സൈന്യത്തിൽ ചേർന്നിരുന്ന തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു. റഷ്യയിലെ ഇന്ത്യൻ എംബസി ആണ് റഷ്യൻ സൈന്യത്തെ യുദ്ധത്തിൽ സഹായിച്ചിരുന്ന ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അസ്ഫാൻ ആണ് കൊല്ലപ്പെട്ടത്.
റഷ്യയിൽ ജോലിക്കായി പോയ മുഹമ്മദ് അസ്ഫാന് ഏജന്റിന്റെ ചതിയിൽപ്പെട്ടാണ് റഷ്യൻ സൈന്യത്തോടൊപ്പം ചേരേണ്ടി വന്നെന്ന് നേരത്തെ അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. മുഹമ്മദ് അസ്ഫാൻ അടക്കം 4 ഇന്ത്യൻ പൗരന്മാർ ഇത്തരത്തിൽ റഷ്യൻ സൈന്യത്തിൽ എത്തിയിട്ടുണ്ട് എന്നാണ് കേന്ദ്രസർക്കാരിന് ലഭിച്ചിട്ടുള്ള വിവരം. ഇവരെ നാട്ടിലേക്ക് തിരികെ അയക്കണമെന്ന് ഇന്ത്യൻ എംബസി റഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതിന് തൊട്ടു പിന്നാലെയാണ് ഇപ്പോൾ മുഹമ്മദ് അസ്ഫാൻ യുദ്ധത്തിനിടയിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുള്ളത്.
ഏതാനും ഇന്ത്യൻ പൗരന്മാർ സപ്പോർട്ട് ജോലികൾക്കായി റഷ്യൻ സൈന്യത്തിൽ ചേർന്നിട്ടുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ സംഘർഷത്തിൽ നിന്ന് വിട്ടുനിൽക്കാൻ വിദേശകാര്യ മന്ത്രാലയം റഷ്യയിലെ ഇന്ത്യൻ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു. റഷ്യയിൽ കുടുങ്ങിയ യുവാക്കളെ സുരക്ഷിതമായി പുറത്തെത്തിക്കണമെന്നും ഏജൻ്റുമാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് സൂഫിയാൻ്റെ കുടുംബം കേന്ദ്രസർക്കാരിനെ സമീപിച്ചതോടെയാണ് സംഭവം വാർത്തയായിരുന്നത്. 4 ഇന്ത്യൻ പൗരന്മാരാണ് ഇത്തരത്തിൽ സഹായ ജോലികൾ ചെയ്യുന്നതിനായി റഷ്യൻ സൈന്യത്തിൽ ചേർന്നിട്ടുള്ളതെന്നാണ് റിപ്പോർട്ട്.
Discussion about this post