ന്യൂയോർക്ക്: ചെങ്കടലിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഹൂതികൾ. അമേരിക്കൻ ചരക്ക് കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടു. ഗ്രീസിന്റെ കപ്പലായ ട്രൂ കോൺഫിഡൻസ് എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിലെ ജീവനക്കാരിൽ ഇന്ത്യക്കാരനും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. കരീബിയൻ രാജ്യമായ ബാർബഡോസിന് വേണ്ടിയായിരുന്നു കപ്പൽ ചരക്കുമായി പോയിരുന്നത്. ഇതിനിടെ ഏദനിൽ നിന്നും 50 നോട്ടിക്കൽ മൈൽ മാറി തെക്ക് പടിഞ്ഞാറ് ഭാഗത്ത് വച്ച് ഹൂതികൾ കപ്പലിന് നേരെ ആക്രമണം നടത്തുകയായിരുന്നു.
സംഭവ സമയം ഇന്ത്യക്കാരൻ ഉൾപ്പെടെ 20 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. മൂന്ന് പേർ മരിച്ചതിന് പുറമേ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതകമാണെന്നാണ് സൂചന. അതിനാൽ മരണ സംഖ്യ ഉയരുമോയെന്ന ആശങ്കയുണ്ട്. ആക്രമണത്തിൽ കപ്പലും ചരക്കും പൂർണമായി കത്തിനശിച്ചു. ഹൂതികളുടെ ആക്രമണത്തിൽ ആദ്യമായിട്ടാണ് ജീവനക്കാർ മരിക്കുന്നത്.
അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഹൂതികൾ കടുപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാസവളം കൊണ്ടുപോകുന്ന കപ്പൽ ഹൂതികൾ ആക്രമിച്ചിരുന്നു. ജീവനക്കാർ രക്ഷപ്പെട്ടു എങ്കിലും കപ്പൽ മുങ്ങി.
Discussion about this post