ഇസ്ലാമാബാദ് : പാകിസ്താനിലെ റാവൽപിണ്ടിയിൽ സ്ഥിതി ചെയ്യുന്ന അഡിയാല സെൻട്രൽ ജയിലിന് നേരെ ഭീകരാക്രമണം. ആക്രമണത്തെ വിജയകരമായി നേരിട്ടതായും മൂന്ന് ഭീകരരെ കസ്റ്റഡിയിൽ എടുത്തതായും പാകിസ്താൻ പോലീസ് അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നും ഉള്ളവരാണ് പിടിയിലായിരിക്കുന്ന ഭീകരർ.
മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, മുൻ വിദേശകാര്യ മന്ത്രി, പഞ്ചാബ് പ്രവിശ്യയുടെ മുൻ മുഖ്യമന്ത്രി എന്നിവർ അടക്കമുള്ള നിരവധി വിഐപി പ്രതികൾ തടവിൽ കഴിയുന്ന ജയിലിലാണ് ഭീകരാക്രമണ ശ്രമം ഉണ്ടായത്. ജയിലിന്റെ ശേഷിയുടെ ഇരട്ടി തടവുകാർ താമസിക്കുന്നതിനാൽ അഡിയാല സെൻട്രൽ ജയിൽ സുരക്ഷിതമല്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ ഭീകരാക്രമണ ശ്രമവും ഉണ്ടായിരിക്കുന്നത്.
പിടിയിലായ ഭീകരരിൽ നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പാക് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ജയിൽ പരിസരത്തിന്റെ മാപ്പുകൾ, ഹാൻഡ് ഗ്രനേഡുകൾ, ഓട്ടോമാറ്റിക് ഹെവി തോക്കുകൾ എന്നിവയും ഈ ഭീകരരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്താൻ പോലീസും തീവ്രവാദ വിരുദ്ധ വകുപ്പും ചേർന്നാണ് സെൻട്രൽ ജയിലിന് നേരെയുണ്ടായ ഭീകരാക്രമണം തടഞ്ഞത്.
Discussion about this post