ന്യൂഡൽഹി:റഷ്യയിലേക്ക് വ്യാജ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ കബളിപ്പിച്ച് റഷ്യ – യുക്രൈൻ യുദ്ധമുഖത്തേക്ക് അയക്കുന്ന വലിയ മനുഷ്യക്കടത്ത് ശൃംഖലയെ തകർത്ത് തരിപ്പണമാക്കി സിബിഐ.
ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധത്തിലേക്ക് നിരവധി ഇന്ത്യക്കാരെ അയച്ച തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഡൽഹി, തിരുവനന്തപുരം, മുംബൈ, അംബാല, ചണ്ഡീഗഡ്, മധുര, ചെന്നൈ തുടങ്ങി ഏഴ് നഗരങ്ങളിൽ സി ബി ഐ തിരച്ചിൽ നടത്തിയിരുന്നു.
ഇതിനെ തുടർന്ന് വിവിധ വിസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഏജൻ്റുമാർക്കും എതിരെ ഇന്ത്യാക്കാരായ യുവാക്കളെ റഷ്യയിലേക്ക് ജോലിയുടെ പേരിൽ അയച്ചതിന് കേസെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള 35 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംശയം തോന്നിയ ചിലരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സിബിഐ അറിയിച്ചു. 50 ലക്ഷത്തിലധികം രൂപ, കുറ്റകരമായ രേഖകൾ, ലാപ്‌ടോപ്പുകൾ, മൊബൈലുകൾ, ഡെസ്‌ക്‌ടോപ്പുകൾ തുടങ്ങിയ ഇലക്ട്രോണിക് രേഖകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
യുദ്ധമുഖത്ത് ഇങ്ങനെ കബളിപ്പിക്കപ്പെട്ട് എത്തിച്ചേർന്ന രണ്ടു പേർ മരണപ്പെട്ട ദാരുണമായ സംഭവത്തിന് ശേഷമാണ് കേന്ദ്ര ഏജൻസികൾ നടപടികൾ വേഗത്തിലാക്കിയത്.
ഇന്ത്യക്കാർ റഷ്യ – യുക്രൈൻ യുദ്ധത്തിൽ പോരാടാൻ നിർബന്ധിതരാകുന്നത് വിദേശകാര്യ മന്ത്രാലയത്തിൻ്റെ ശ്രദ്ധയിൽപ്പെടുകയും ഉടൻ മോചനം ഉറപ്പാക്കാൻ റഷ്യൻ അധികാരികളുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു . ഹൈദരാബാദിലെ മുഹമ്മദ് അഫ്സാന് , ഗുജറാത്തിലെ സൂറത്ത് നിവാസിയായ ഹേമൽ അശ്വിൻഭായ് മംഗുകിയ എന്നയാളും ഡൊനെറ്റ്‌സ്കിൽ റഷ്യൻ സൈന്യത്തിൻ്റെ സുരക്ഷാ സഹായിയായി സേവനമനുഷ്ഠിക്കുന്നതിനിടെ ഉക്രേനിയൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഇതിനെ തുടർന്ന് നടപടികൾ ഊർജ്ജിതമാക്കിയ കേന്ദ്ര ഏജൻസികൾ വളരെ പെട്ടെന്ന് തന്നെ തൊഴിൽ തട്ടിപ്പ് സ്ഥാപനങ്ങളെ വലയിലാക്കുകയായിരുന്നു.
Discussion about this post