മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ വൻവിജയം നേടി ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ഈ മലയാള സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച് പ്രശസ്ത തമിഴ് മലയാളം എഴുത്തുകാരനും സിനിമാ തിരക്കഥാകൃത്തുമായ ജയമോഹന്‍ ര൦ഗത്തുവന്നിരിക്കുകയാണ്. ‘മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ (മഞ്ഞുമ്മല്‍ ബോയ്സ്- കുടിച്ചുകൂത്താടുന്ന തെണ്ടികൾ) എന്ന തലക്കെട്ടില്‍ മാര്‍ച്ച് 9ന് പ്രസിദ്ധീകരിച്ച ബ്ലോഗിലൂടെയാണ് ജയമോഹന്റെ അധിക്ഷേപ൦.
മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയെ വിമര്‍ശിച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നതെങ്കിലും മലയാളികളെക്കൂടി അടച്ച് ആക്ഷേപിക്കുന്ന വിധത്തിലാണ് ബ്ലോഗിലെ ജയമോഹന്‍റെ പരാമര്‍ശങ്ങള്‍. മഞ്ഞുമ്മല്‍ ബോയ്സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മറ്റ് പല മലയാള സിനിമകളെ പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണിതെന്നും ജയമോഹന്‍ ബ്ലോഗില്‍ പറയുന്നു. മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന ഇത്തരം സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍ ആവശ്യപ്പെടുന്നു.
മഞ്ഞുമ്മൽ ബോയ്‌സ് തന്നെ സംബന്ധിച്ച് അലോസരപ്പെടുത്തുന്ന ചിത്രമായിരുന്നു. കാരണം അത് കാണിക്കുന്നത് കെട്ടുകഥയല്ല. ദക്ഷിണേന്ത്യയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്ന കേരളത്തിലെ വിനോദ സഞ്ചാരികൾ ഇതേ മനസ്ഥിതിയുളളവരാണ്. മയക്കുമരുന്നിന് അടിമകളായ എറണാകുളത്തെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദുവെന്നും ജയമോഹന്‍ ആരോപിക്കുന്നു. കേരളത്തിൽ, മലയാളത്തിലെ മുൻനിര താരങ്ങൾ പോലും മയക്കുമരുന്ന് കേസിൽ കുടുങ്ങുന്നത് പലപ്പോഴും വാർത്തകളിൽ നിറയാറുണ്ടെന്നും ജയമോഹന്‍ കുറിച്ചു.
മഞ്ഞുമ്മല്‍ ബോയ്‌സ് ഭോഷ്ക്കുകളെ സാധാരണക്കാരൻ്റെ ആഘോഷമായി ചിത്രീകരിച്ച് ന്യായീകരിക്കുക മാത്രമല്ല, അവരെ ഉയർത്തുകയും ചെയ്യുന്നു. ചിത്രത്തിനൊടുവിൽ അവരിൽ ഒരാൾക്ക് ദേശീയ അവാർഡ് ലഭിച്ചുവെന്ന വാർത്തയാണ് കാണിക്കുന്നത്. നിയമപ്രകാരം അവരെ ജയിലിൽ അടയ്ക്കണമെന്നും ജയമോഹന്‍ പറഞ്ഞു.
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ജനിച്ച ജയമോഹന്‍ മലയാളത്തില്‍ നിരവധി പുസ്തകങ്ങള്‍ രചിക്കുകയും മൂന്ന് മലയാള സിനിമകളുടെ തിരക്കഥ ഒരുക്കിയിട്ടുമുണ്ട്. മലയാള സാഹിത്യ സംവാദ വേദികളിലെ സ്ഥിരം സാന്നിധ്യവുമാണ് ഇദ്ദേഹം. ഒഴിമുറി, കാഞ്ചി, വണ്‍ ബൈ റ്റു എന്നിവയാണ് ജയമോഹന്‍ തിരക്കഥയൊരുക്കിയ മലയാള സിനിമകള്‍.
അതേസമയം ചലച്ചിത്ര നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ചലച്ചിത്ര ലോകത്തെ ചില പ്രമുഖരിൽ നിന്നും ചിത്രത്തിന് വളരെയധികം പ്രശംസ ലഭിക്കുന്നുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, മഞ്ഞുമ്മൽ ബോയ്സ് OTT പ്ലാറ്റ്‌ഫോമിൽ അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുകയാണ്.
ഏപ്രിൽ രണ്ടാം വാരത്തിൽ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ OTT സ്ട്രീമിംഗ് കുറിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ റിപ്പോർട്ടിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം പ്ലാറ്റ്‌ഫോമും നിർമ്മാതാക്കളും ഇതുവരെ നൽകിയിട്ടില്ല.
Discussion about this post