പൃഥ്വിരാജ് കര്‍ണ്ണനാകുന്നു.മഹാഭാരതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള പ്രമേയമാണ് ചിത്രത്തിന്റേത്.ആര്‍എസ് വിമല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ അമേരിക്കയിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.നൂറ് കോടിയിലേറെ ചിലവിട്ടായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം എന്നാണ് സൂചന.ഗ്രാഫിക്സ് സാങ്കേതിക വിദ്യ അടക്കം ആധുനിക സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന ചിത്രത്തിനായി ഹോളിവുഡില്‍ നിന്നടക്കം സാങ്കേതിക വിദഗ്ധരെത്തും. ഗംഗ, ഹരിദ്വാര്‍ എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ലൊക്കേഷന്‍.
പൃഥ്വിരാജിനെ കൂടാതെ തമിഴില്‍ നിന്നും പ്രശസ്തതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ദുബായിലെ സപ്തനക്ഷത്ര ഹോട്ടലായ ബുര്‍ജ് അല്‍ അറബിയില്‍ നടന്ന ചടങ്ങിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. യു.എ.ഇ യിലും ബിസിനസ്സ് സംരംഭങ്ങളുള്ള വേണുവിന്റെ ആദ്യ സിനിമാ സംരംഭമാണിത്. ബാഹുബലി എന്ന സിനിമക്കായി ക്യാമറ കൈകാര്യം ചെയ്ത എ.കെ.സെന്തില്‍ കുമാറായിരിക്കും കര്‍ണ്ണന്റെയും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.മലയാളത്തിന് പുറമെ എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ഒരേ സമയം കര്‍ണ്ണന്റെ ചിത്രീകരണം നടക്കും.
ലോകത്തിലെ ഏറ്റവും വലിയ ഹീറോ ആയാണ് എന്നും കര്ണ്ണന് എന്റെ മനസ്സിലുണ്ടായിരുന്നത്.ആ വീരനെ അവതരിപ്പിക്കുക എന്നത് മോഹമായിരുന്നുഅതാണിപ്പോള് യാഥാര്‍ത്ഥ്യമാവുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു.ജനനത്തില്‍ അമ്മയാല്‍ തിരസ്കരിക്കപ്പെട്ട കര്‍ണ്ണന്റെ ജീവിതത്തെ പല കോണുകളിലൂടെ കാണാം. അതില്‍ എന്റെ സമീപനമായിരിക്കും സിനിമയെന്ന് ആര്.എസ് വിമല്പറഞ്ഞു. രണ്ടായിരത്തോളം സ്ക്രീനുകളില്‍ ഒരേസമയം പ്രദര്‍ശിപ്പിക്കുന്ന വിധത്തില്‍ വലിയൊരു സിനിമയായിട്ടാണ് കര്‍ണ്ണനെ ഒരുക്കാന്‍ പോകുന്നത് ഈ ശ്രമത്തില്‍ പണം ഒരു പരിമിതിയാവില്ലെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി പറയുന്നു.വേണു കുന്നപ്പള്ളിയുടെ കാവ്യാ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു. ലക്ഷി ഗോപാലസ്വാമിയുടെ നൃത്തത്തോടെ ആരംഭിച്ച ചടങ്ങില്‍ വിജയ് യേശുദാസ്, ഇന്ത്യന്‍ കോണ്‍സുലേറ്റിലെ രാജു ബാലകൃഷ്ണന്, ഡോ.ടി.സി സതീഷ് തുടങ്ങിയവരും സംബന്ധിച്ചു.
Discussion about this post