കണ്ണൂർ: തലശ്ശേരി- മാഹി ബൈപാസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാത യാഥാർത്ഥ്യമായിരിക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ചോനാടത്ത് ഒരുക്കിയ വേദിയിൽ ലൈവ് സ്ട്രീമിംഗ് കാണാനായി നിരവധി ആളുകളാണ് എത്തിയത്.
സ്പീക്കർ എ എൻ ഷംസീർ, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർ വേദിയിൽ നിന്നും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ തിരുവനന്തപുരത്ത് നിന്നാണ് പരിപാടിയിൽ പങ്കെടുത്തത്. ട്രയൽ റണ്ണിന്റെ ഭാഗമായി ഇന്നലെ ബൈപാസിലൂടെ സൗജന്യ യാത്ര അനുവദിച്ചിരുന്നു. ഫാസ്ടാഗ് എടുക്കാനും റിചാർജ് ചെയ്യാനുമുള്ള സൗകര്യങ്ങളും പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18. 6 കിലോമീറ്റർ നീളത്തിലാണ് ബൈപാസ്. ഈ 18.6 കിലോമീറ്റർ ദൂരം താണ്ടാൻ 20 മിനിറ്റ് മതി. ധർമടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി, എന്നിവിടങ്ങളിലൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്. ബൈപാസ് യാഥാർത്ഥ്യമായതോടെ തലശ്ശേരി, മാഹി ടൗണുകളിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.












