ഹൈദരാബാദ്: പ്രമുഖ തെലുങ്ക് സംവിധായകൻ സൂര്യ കിരൺ അന്തരിച്ചു. 48 വയസ്സായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം.
ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തത്തെ തുടർന്ന് ജിഇഎം ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. എന്നാൽ ഇതിനിടെ ആരോഗ്യനില വഷളാവുകയായിരുന്നു. പൊതുദർശനത്തിന് ശേഷം അദ്ദേഹത്തിന്റെ ഭൗതിക ദേഹം അടുത്ത ദിവസം സംസ്‌കരിക്കും.
ബാലതാരമായിട്ടാണ് സൂര്യ കിരൺ സിനിമാ രംഗത്തേക്ക് എത്തുന്നത്. ഇരുന്നൂറിലധികം ചിത്രങ്ങളിൽ ബാലതാരമായി അദ്ദേഹം വേഷമിട്ടു. മൗനഗീതങ്ങൾ, പടിക്കാത്തവൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
2003 ലായിരുന്നു സൂര്യകിരൺ സംവിധാന രംഗത്തേക്ക് കടന്നുവന്നത്. സത്യം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം.
Discussion about this post