തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഡിവൈഎഫ്ഐ. വാർത്താസമ്മേളനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം ആണ് ഇക്കാര്യം അറിയിച്ചത്. നിയമം നടപ്പിലാക്കാനുള്ള പരിശ്രമങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വത്തിന് മതം മാനദണ്ഡം ആക്കുന്നത് രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കും. പൗരത്വ നിയമ ഭേദഗതി ഭരണഘടനയോടുള്ള വെല്ലുവിളി ആണ്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കും. ഇതിനായി നിയമം വിദഗ്ധരുടെ സഹായം തേടും. നിയമത്തിനെതിരെ നിരവധി ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്. ഇതിനിടെയാണ് തിടുക്കപ്പെട്ട് കേന്ദ്രസർക്കാർ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത്. രാജ്യത്തെ വംശീയ റിപ്പബ്ലിക്ക് ആക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും റഹിം ആരോപിച്ചു.
നിയമത്തിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം ഉന്നയിക്കും. ഭരണമുള്ള സംസ്ഥാനങ്ങൾ നിയമം നടപ്പിലാക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു.
Discussion about this post