ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പരമാവധി സീറ്റുകൾ നേടുക എന്ന ബിജെപിയുടെ ലക്ഷ്യത്തിന് ഊർജ്ജം പകരുന്നതാണ് ടിഡിപി-ജനസേന സഖ്യത്തിന്റെ എൻഡിഎ പ്രവേശനം. ടിഡിപിക്കും ജനസേനയ്ക്കുമൊപ്പം മത്സരിക്കുന്നത് തങ്ങൾക്ക് പറയത്തക്ക സ്വാധീനമില്ലാത്ത ആന്ധ്രയിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. 6 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചന്ദ്രബാബു നായ്ഡു എൻഡിഎയിൽ തിരിച്ചെത്തുന്നത്. തെലങ്കാന രൂപീകരണത്തിന് ശേഷം ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നൽകാത്തതിൽ പ്രതിഷേധിച്ച് 2018ലാണ് ചന്ദ്രബാബു നായ്ഡുവിന്റെ ടിഡിപി എൻഡിഎ വിട്ടത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള നായ്ഡുവിന്റ നീക്കം വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയായിരുന്നു.
ദേശീയ തലത്തിൽ മോദി വിരുദ്ധ ചേരി ശക്തിപ്പെടുത്താൻ ഓടി നടന്നെങ്കിലും ഒരുമിച്ചു നടന്ന ലോക്‌സഭാ, ആന്ധ്രാ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടിയാണ് ചന്ദ്രബാബു നായ്ഡു നേരിട്ടത്. ആന്ധ്രാ പ്രദേശിൽ ജഗൻ മോഹൻ റെഡിക്ക് മുന്നിൽ വീണ് ഭരണം നഷ്ടമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ടിഡിപിക്ക് അടിപതറി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരികയും ചെയ്തു. കഴിഞ്ഞ കുറച്ച് കാലമായി എൻഡിഎയിലേക്ക് തിരിച്ചുവരാൻ കാത്തിരിക്കുകയായിരുന്നു ചന്ദ്രബാബു നായ്ഡു. തുടർച്ചയായ ശ്രമങ്ങൾക്കൊടുവിലാണ് കഴിഞ്ഞ ആഴ്ച ടിഡിപിയെ എൻഡിഎയിൽ ഔദ്യോഗികമായി തിരിച്ചെടുത്തത്.
വിശ്വസിക്കാൻ കൊള്ളാവുന്ന സഖ്യകക്ഷിയല്ല ടിഡിപിയെന്ന അഭിപ്രായം ബിജെപി ക്യാമ്പിൽ ഉണ്ടായിരുന്നു. ബിജെപി ആന്ധ്രാ ഘടകവും ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ, ദക്ഷിണേന്ത്യയിൽ കൂടുതൽ സീറ്റുകൾ നേടുക എന്ന വിശാല ലക്ഷ്യം മുൻനിർത്തി ബിജെപി ദേശീയ നേതൃത്വം പ്രായോഗിക സമീപനം സ്വീകരിക്കുകയായിരുന്നു. നിയമസഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കുന്ന ആന്ധ്രയിൽ കൂടുതൽ ലോക്‌സഭാ സീറ്റുകൾ നൽകാമെന്ന ഉറപ്പിലാണ് ബിജെപി ടിഡിപിയുമായി സഖ്യത്തിൽ ഏർപ്പെട്ടത്. 10 സീറ്റുകളായിരുന്നു നായ്ഡുവിനോട് ബിജെപി ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ, ചർച്ചകൾക്ക് ഒടുവിൽ 6 സീറ്റുകളിൽ മത്സരിക്കാൻ ബിജെപി സമ്മതിക്കുകയായിരുന്നു.
ടിഡിപി-ജനസേന സഖ്യത്തിനൊപ്പം ആന്ധ്രയിൽ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുമ്പോൾ മൂന്നോ നാലോ ലോക്‌സഭാ സീറ്റുകളിലെങ്കിലും വിജയിച്ചു കയറാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. തിരുപ്പതി, അരക്കു, രാജമുന്ദ്രി, അനകപള്ളി, നരസാപുരം മണ്ഡലങ്ങൾ ബിജെപിക്ക് ലഭിച്ചേക്കും. ഇത് കൂടാതെ ഒരു സീറ്റ് കൂടി നൽകും. സംസ്ഥാനം ഭരിക്കുന്ന വൈഎസ്ആർ കോൺഗ്രസ് സർക്കാരിനെതിരെ ആന്ധ്രയിലെ നഗരമേഖലകളിൽ ഭരണവിരുദ്ധ വികാരം ശക്തമാണ്. അത് കൊണ്ട് തന്നെ നഗര മണ്ഡലങ്ങളിൽ ജനവിധി തേടുന്നതിന്റെ ഗുണം ലഭിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
ആന്ധ്രയിലെ 25 ലോക്‌സഭാ സീറ്റുകളിൽ 17 എണ്ണത്തിൽ ടിഡിപി മത്സരിക്കും. ബിജെപി 6 മണ്ഡലങ്ങളിലും ജനസേന 2 മണ്ഡലങ്ങളിലും ജനവിധി തേടും. 175 അംഗ നിയമസഭയിൽ ടിഡിപി 144 സീറ്റുകളിലേക്ക് മത്സരിക്കും. ജനസേന 21 സീറ്റുകളിലും ബിജെപി 10 സീറ്റുകളിലും മാറ്റുരയ്ക്കും.
രണ്ട് തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടക്കുന്നതിനാൽ ടിഡിപിയുടെ കൂടുതൽ ശ്രദ്ധ നിയമസഭാ തെരഞ്ഞെടുപ്പിലാണ്. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന സാഹചര്യമാണ് ടിഡിപിക്ക് പ്രതീക്ഷ നൽകുന്നത്. നിലവിൽ ആന്ധ്രയിൽ ബിജെപിക്ക് വലിയ വോട്ട് വിഹിതമില്ല. എന്നാൽ, കേന്ദ്രം വീണ്ടും ഭരിക്കാൻ പോകുന്ന പാർട്ടി എന്ന അനുകൂല ഘടകവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവവും സംസ്ഥാനത്ത് അധികാരത്തിലേറാൻ സഹായകമാകുമെന്നാണ് ടിഡിപിയുടെ വിശ്വാസം.
ടിഡിപി-ജനസേന-ബിജെപി സഖ്യം നിലവിൽ വന്നതോടെ വൈ എസ് ആർ കോൺഗ്രസിനെതിരായ വോട്ടുകൾ ഭിന്നിക്കില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൈ എസ് ആർ കോൺഗ്രസ്, ടിഡിപി, ജനസേന, ബിജെപി എന്നീ പാർട്ടികൾ ഒറ്റയ്ക്കായിരുന്നു ആന്ധ്രയിൽ മത്സരിച്ചത്. 49 ശതമാനം വോട്ടോടെ സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളിൽ 22 എണ്ണവും ജഗന്റെ പാർട്ടി നേടിയിരുന്നു. 40 ശതമാനം വോട്ട് ലഭിച്ച ടിഡിപി മൂന്ന് സീറ്റുകളിൽ മാത്രമായിരുന്നു വിജയിച്ചത്. ജനസേനയ്ക്കും ബിജെപിക്ക് സീറ്റൊന്നും ലഭിച്ചിരുന്നില്ല. ജനസേന 5.87 ശതമാനവും ബിജെപി ഒരു ശതമാനത്തിനടുത്ത് വോട്ടുമാണ് പെട്ടിയിലാക്കിയത്.
നിലവിലെ സാഹചര്യത്തിൽ ടിഡിപിയും ജനസേനയും ബിജെപിയും ആന്ധ്രയിൽ ഒന്നിക്കുമ്പോൾ ഒറ്റയ്ക്ക് മത്സരിക്കുന്ന വൈ എസ് ആർ കോൺഗ്രസിന് കനത്ത വെല്ലുവിളി ഉയർത്താൻ കഴിയുമെന്നാണ് കരുതുന്നത്. 2014ലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേടിയ തിളക്കമാർന്ന വിജയം 2024ൽ ആവർത്തിക്കാനാണ് ടിഡിപി-ബിജെപി സഖ്യം ലക്ഷ്യമിടുന്നത്.
Discussion about this post