തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽപാത പദ്ധതിയുടെ പകുതിച്ചെലവ് വഹിക്കുന്നതിൽ തീരുമാനം ധനവകുപ്പ് മുഖ്യമന്ത്രിക്ക് വിട്ടതായി വിവരം. നിർമ്മാണച്ചെലവായി വേണ്ടിവരുന്ന 3800.93 കോടിയുടെ പകുതി 1900.47 കോടി കേരളം വഹിക്കണമെന്നാണ് റെയിൽവേയുടെ ആവശ്യം. ഇതുസംബന്ധിച്ച് മൂന്നുമാസമായി ധനവകുപ്പിന്റെ പരിഗണനയിലുള്ള ഫയൽ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കൈമാറി. ഉറപ്പു നൽകിയാൽ പിന്മാറാനാവില്ല എന്നതിനാൽ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളട്ടെയെന്നാണ് ധനവകുപ്പിന്റെ നിലപാട്.
ശബരിപാതയുടെ നിർമാണച്ചെലവിന്റെ പകുതി വഹിക്കാമെന്ന് കേരളം റെയിൽവേക്ക് കത്ത് നൽകാത്തതിനാൽ അനുവദിച്ച 100 കോടി നഷ്ടമാകുമെന്ന് ആശങ്ക. ഇക്കാര്യത്തിൽ രേഖാമൂലം ഉറപ്പ് വേണമെന്നാവശ്യപ്പെട്ട് ഡിസംബർ 21-നാണ് റെയിൽവേ കത്തയച്ചത്. 3810 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് കത്തിനൊപ്പം നൽകാനാണ് നിർദേശിച്ചത്.
2021ലെ ബജറ്റിൽ നിർമാണച്ചെലവിനായി കിഫ്ബിവഴി 2000 കോടി രൂപയും നീക്കിവെച്ചിരുന്നു. നിബന്ധനകൾ പാലിച്ച് സജീവമായ പദ്ധതികൾക്കേ പണം ചെലവഴിക്കാനാവൂ എന്നതിനാൽ 2022- 23-ലെ കേന്ദ്ര ബജറ്റിൽ നീക്കിവെച്ച 100 കോടി ദക്ഷിണറെയിൽവേ മടക്കിയിരുന്നു. ഇത്തരത്തിൽ പോയാൽ ഈ 100 കോടിയും പാഴാവും. നാലുവർഷം മുൻപ് മരവിപ്പിച്ചതാണ് 26 വർഷമായിട്ടും എങ്ങുമെത്താത്ത പദ്ധതി.
3800.93കോടിയായി എസ്റ്റിമേറ്റ് പുതുക്കിയപ്പോഴാണ് പകുതിച്ചെലവിന് റെയിൽവേ രേഖാമൂലമുള്ള ഉറപ്പാവശ്യപ്പെട്ടത്. ഇതുസമ്മതിച്ച് സംസ്ഥാനം ഉത്തരവിറക്കുകയും ധാരണാപത്രം ഒപ്പിടുകയും ചെയ്തശേഷമേ പുതിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡ് അംഗീകരിക്കൂ.ശബരിപാതയ്ക്ക് പകരമായി ചെങ്ങന്നൂർ-പമ്പ പാതയുടെ സർവേ റെയിൽവേ നടത്തുന്നതിനാൽ അതിന്റെ വിശദാംശങ്ങൾ അറിഞ്ഞശേഷമാവാം ചെലവു പങ്കിടുന്നതിൽ തീരുമാനമെന്നാണ് സർക്കാർ നിലപാട്. സർക്കാരിന്റെ കത്ത് കിട്ടിയാലേ പദ്ധതി മരവിപ്പിച്ച 2019ലെ ഉത്തരവ് റെയിൽവേ റദ്ദാക്കി ഭൂമിയേറ്റെടുക്കലടക്കം തുടങ്ങൂ.1997ലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച അങ്കമാലി-എരുമേലി 111കിലോമീറ്റർ ശബരിപാതയിൽ അങ്കമാലി-കാലടി 7കി.മീറ്ററും പെരിയാറിൽ മേൽപ്പാലവുമാണ് നിർമ്മിച്ചത്.104കിലോമീറ്റർ പാതയാണ് നിർമ്മിക്കേണ്ടത്. ഇനി 274ഹെക്ടർ ഭൂമിയേറ്റെടുക്കണം. 14സ്റ്റേഷനുകൾ നിർമ്മിക്കണം
Discussion about this post