ലഖ്‌നൗ : അയോധ്യ ക്ഷേത്രത്തിൽ നേരിട്ട് സന്ദർശനം നടത്താൻ കഴിയാത്ത ഭക്തർക്ക് ഏറെ ആനന്ദദായകമായ വാർത്തയാണ് ഇപ്പോൾ ദൂരദർശനിൽ നിന്നും വന്നിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന ആരതി ചടങ്ങുകൾ ഇനി ദൂരദർശനിലൂടെ തത്സമയം ദർശിക്കാം. എല്ലാദിവസവും രാംലല്ലയുടെ ദിവ്യ ദർശനം സംപ്രേക്ഷണം ചെയ്യുമെന്ന് ഡിഡി നാഷണൽ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.
എല്ലാ ദിവസവും രാവിലെ 6 30 മുതൽ ആയിരിക്കും രാമ ക്ഷേത്രത്തിലെ ആരതി ചടങ്ങുകൾ ദൂരദർശനിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുക. അയോധ്യ ക്ഷേത്രത്തിൽ രാംലല്ലയുടെ പ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയായ ശേഷം ആരതിയുടെ തൽസമയ സംപ്രേക്ഷണ അവകാശത്തിനായി തങ്ങൾ നടത്തിയ ശ്രമം ഒടുവിൽ ഫലപ്രാപ്തിയിൽ എത്തി എന്നും ഡിഡി നാഷണൽ വക്താവ് അറിയിച്ചു.
ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം ജനുവരി 23 നാണ് അയോധ്യ രാമക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നത്. രാവിലെ നാലുമണിക്ക് ആരംഭിക്കുന്ന പൂജാകർമ്മങ്ങൾക്ക് ശേഷം രാവിലെ ആറുമണി മുതൽ രാത്രി 10 മണി വരെയാണ് രാമക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ദർശനം നടത്താനാവുക. ഭക്തജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് ഉച്ചയ്ക്കുശേഷം ഒരു മണിക്കൂർ സമയം ക്ഷേത്രം അടച്ചിടുന്നതാണ്.
Discussion about this post