തെലങ്കാന: നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ ശേഷം കടുത്ത അസ്തിത്വ പ്രതിസന്ധി നേരിടുകയാണ് ബിആർഎസ്. തെലങ്കാന സംസ്ഥാനം 10 വർഷം അടക്കി ഭരിച്ച ശേഷമാണ് കഴിഞ്ഞ വർഷം അവസാനം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിആർഎസിന് അടിതെറ്റിയത്. ഭരണവിരുദ്ധ വികാരം പ്രയോജനപ്പെടുത്തി രേവന്ത് റെഡിയുടെ നേതൃത്വത്തിൽ തെലങ്കാനയിൽ കോൺഗ്രസ് അധികാരം പിടിക്കുകയായിരുന്നു. സംസ്ഥാനത്ത് ഒരിക്കൽ കൂടി അധികാരത്തിലേറാൻ സാധിക്കുമെന്ന കെ. ചന്ദ്രശേഖർ റാവുവിന്റെ പ്രതീക്ഷയാണ് ജനങ്ങൾ തല്ലിക്കെടുത്തിയത്. തോൽവിയുടെ ആഘാതത്തിൽ നിന്ന് ഇത് വരെ കരകയാറാനാകാത്ത അവസ്ഥയിലാണ് ബിആർഎസ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിആർഎസിൽ നിന്ന് മറ്റ് പാർട്ടികളിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയാൻ കഴിയാതെ നിസ്സഹായവസ്ഥയിലാണ് ബിആർഎസ് നേതൃത്വം. ബിആർഎസ് വിട്ട് കോൺഗ്രസിലേക്കും ബിജെപിയിലേക്കുമാണ് നേതാക്കൾ കൂടുമാറുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിആർഎസ് മേധാവി കെ. ചന്ദ്രശേഖർ റാവുവിന്റെ ഇടപെടൽ കുറഞ്ഞത് പാർട്ടിയുടെ നിലവിലെ ദയനീയ അവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. തെലങ്കാനയിലെ പേടപ്പള്ളിയിൽ നിന്നുള്ള എംപിയും പ്രമുഖ ബിആർഎസ് നേതാവുമായ വെങ്കടേശ് നേത കോൺഗ്രസിലേക്ക് ചേക്കേറിയതാണ് കൊഴിഞ്ഞുപോക്കിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ ബിആർഎസിന്റെ രണ്ട് സിറ്റിംഗ് എംപിമാർ ബിജെപിയിൽ ചേർന്നു. സഹീറാബാദ് എംപി പി. രാമുലുവും നാഗർ കുർണൂൽ എംപി ബി.ബി. പാട്ടീലുമാണ് ബിജെപിയിൽ എത്തിയത്. ബിആർഎസ് വിട്ടെത്തിയ ബി.ബി. പാട്ടീലാണ് സഹീറാബാദിൽ നിന്നുള്ള ബിജെപിയുടെ സ്ഥാനാർത്ഥി. നാഗർകുർണൂൽ ലോക്സഭാ മണ്ഡലത്തിൽ പി. രാമുലുവിന്റെ മകനായ ഭരത് പ്രസാദിനാണ് ബിജെപി സീറ്റ് നൽകിയിരിക്കുന്നത്. ബിആർഎസിന്റെ മുൻ എംപിമാരായ ഗോദം നാഗേഷ്, സിതാറാം നായിക് എന്നിവരും അടുത്തിടെ ബിജെപിയിൽ എത്തിയിരുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിആർഎസ് ടിക്കറ്റിൽ മത്സരിക്കാൻ ഭൂരിഭാഗം നേതാക്കളും താൽപ്പര്യം പ്രകടിപ്പിക്കുന്നില്ല. ബിജെപിയും കോൺഗ്രസും നേർക്കുനേർ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിആർഎസിന് കാര്യമായ പ്രസക്തിയും വിജയസാധ്യതയുമില്ലെന്ന വിലയിരുത്തലാണ് ഇതിന് കാരണം. കെ. ചന്ദ്രശേഖർ റാവു കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത ബിആർഎസിന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പല നേതാക്കളും പങ്കെടുക്കാത്തത് കൂടുതൽ സംശയങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ചെവെല്ല മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംപിയായ രഞ്ജിത് റെഡി അവലോകന യോഗത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. രഞ്ജിത് അധികം വൈകാതെ മറ്റേതെങ്കിലും പാർട്ടിയിലേക്ക് മാറിയേക്കുമെന്ന സൂചനയുണ്ട്. തെലങ്കാന ലെജിസ്ലേറ്റിവ് കൗൺസിൽ ചെയർമാൻ ഗുട്ട സുഖേന്ദർ റെഡിയുടെ മകൻ അമിത് റെഡിയെ നൽഗോണ്ട ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാൻ കെ. ചന്ദ്രശേഖർ റാവു ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, പാർട്ടിയിലെ വിഭാഗീയതയുടെ പേര് പറഞ്ഞ് മത്സരിക്കാൻ അമിത് റെഡി തയ്യാറാകുന്നില്ല. തെലങ്കാനയിലെ പല ബിആർഎസ് നേതാക്കളും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്. ബിജെപിയിലേക്ക് പോകണോ കോൺഗ്രസിൽ ചേരണമോ എന്ന ആശയക്കുഴപ്പത്തിലാണ് ഇവർ. തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ച് കൂടുതൽ ബിആർഎസ് നേതാക്കൾ പാർട്ടി വിടുമെന്ന കാര്യത്തിൽ സംശയമില്ല. പ്രതാപ കാലത്ത് മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കളെ കൂട്ടമായി അടർത്തിമാറ്റിയ ബിആർഎസ് ഇപ്പോൾ എതിരാളികൾ അതേ തന്ത്രം പയറ്റുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ്.
Discussion about this post