ന്യൂഡൽഹി : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ഭൂരിഭാഗം പ്രദേശങ്ങളിലും സ്ഥാനാർത്ഥിനിർണയവും കഴിഞ്ഞു. പലരും കഴിഞ്ഞതവണത്തെ സ്ഥാനാർത്ഥികൾ തന്നെയാണ്. കഴിഞ്ഞതവണ കേരളത്തിൽ നിന്നും മത്സരിച്ച് പാർലമെന്റിൽ എത്തിയ എംപിമാർ ജയിപ്പിച്ചു വിട്ട ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തോ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. പതിനേഴാം ലോക്സഭയിൽ കേരളത്തിൽ നിന്നുമുള്ള എംപിമാരുടെ പങ്കാളിത്തമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ലോക്സഭയിലെ ഹാജർ നിലയിൽ ദേശീയ ശരാശരിയെക്കാൾ മുകളിൽ നിൽക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം എംപിമാരും. എന്നാൽ ഏറ്റവും കുറവ് ഹാജർ നില ഉണ്ടായിരുന്ന രണ്ട് എംപിമാരും കേരളത്തിലുണ്ട്. കണ്ണൂർ എംപിയായ കെ സുധാകരനും വയനാട് എംപിയായ രാഹുൽ ഗാന്ധിയും ആണ് കേരളത്തിലെ എംപിമാരിൽ ഏറ്റവും കുറവ് ഹാജർ നില ഉണ്ടായിരുന്നവർ. പാർലമെന്റിന്റെ മൊത്തം സമ്മേളന ദിവസങ്ങളിൽ പകുതി ദിവസങ്ങളിൽ മാത്രമാണ് ഇവർ ഇരുവരും സഭയിൽ ഉണ്ടായിരുന്നത്. 50% ഹാജർ നിലയാണ് കെ സുധാകരന് ഉള്ളത്. പ്രതിപക്ഷത്തെ പ്രധാന നേതാവ് കൂടിയായ രാഹുൽഗാന്ധിക്ക് ആകട്ടെ 51 ശതമാനം ഹാജർ നില മാത്രമാണ് കഴിഞ്ഞ ലോക്സഭയിൽ ഉണ്ടായിരുന്നത്.
ലോക്സഭയിലെ നിയമനിർമ്മാണ ചർച്ചകളിലും ഏറ്റവും കുറവ് പങ്കെടുത്ത എംപി വയനാട് എംപി ആയ രാഹുൽ ഗാന്ധിയാണ്. സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിലും പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിലും കേരളത്തിലെ മറ്റു എംപിമാരെക്കാൾ വളരെ പിന്നിലാണ് രാഹുൽ ഗാന്ധി. കേരളത്തിലെ എംപിമാരിൽ എൻ കെ പ്രേമചന്ദ്രൻ, ശശി തരൂർ, ഇ ടി മുഹമ്മദ് ബഷീർ എന്നിവരാണ് ലോക്സഭയിൽ ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുത്തിട്ടുള്ളത്. ലോക്സഭയിൽ ചോദ്യങ്ങൾ ചോദിച്ച എംപിമാരിൽ മുൻപിലുള്ളത് അടൂർ പ്രകാശ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി എന്നിവരാണ്.
എംപി ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിലും കേരളത്തിലെ എംപിമാർ പുറകിലാണ്. സാധാരണഗതിയിൽ വർഷംതോറും അഞ്ചു കോടി രൂപയാണ് ഓരോ എംപിക്കും ഫണ്ട് ലഭിക്കുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ ലോക്സഭയിൽ ആദ്യ രണ്ടു വർഷങ്ങളിൽ രണ്ടു കോടി രൂപ വീതം ആയിരുന്നു എംപി ഫണ്ട് ആയി ലഭിച്ചിരുന്നത്. കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് 17 കോടി രൂപയാണ് ഓരോ എംപിക്കും കിട്ടിയിരുന്നത്. വികസന പ്രവർത്തനങ്ങൾക്കുള്ള ഈ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതിൽ കേരളത്തിലെ ഏറെ പിന്നിലാണുള്ളത് എന്നാണ് കണക്ക്.
കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് എന്നിവരാണ് ഏറ്റവും കുറവ് എംപി ഫണ്ട് ചിലവഴിച്ച എംപിമാർ. 17 കോടി രൂപ എംപി ഫണ്ട് ലഭിക്കുന്നതിൽ 6.24 കോടി രൂപയാണ് കൊടുക്കുന്നിൽ സുരേഷ് പാഴാക്കിയത്. 1.25 കോടി രൂപ രാഹുൽ ഗാന്ധിയും പാഴാക്കി. എംപി ഫണ്ട് ഏറ്റവും കൂടുതൽ ചെലവഴിച്ച എംപി കോട്ടയം എംപിയായ തോമസ് ചാഴിക്കാടൻ ആണ്. 17 കോടി രൂപയിൽ 16.98 കോടി രൂപയും അദ്ദേഹം വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്.
Discussion about this post