തിരുവനന്തപുരം: പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന് ക്ലീൻ ചിറ്റ് നൽകികൊണ്ട് വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവും പത്തനംതിട്ട എം പി യുമായ ആന്റോ ആന്റണി. ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതി അപലപിക്കുകയും, ജെയ്ഷ് -ഇ – മുഹമ്മദ് ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്ത പുൽവാമ ആക്രമണം ഭാരതം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ആരോപണവുമായാണ് ആന്റോ ആന്റണി രംഗത്ത് വന്നിരിക്കുന്നത്. പുൽവാമ ആക്രമണത്തിൽ എന്താണ് പാകിസ്താന് പങ്കെന്നും, അത്രയും സ്ഫോടന വസ്തുക്കൾ ഇന്ത്യ അറിയാതെ അവിടെ വരില്ല എന്ന് മുൻ ജമ്മു കശ്മീർ ഗവർണർ പറഞ്ഞിട്ടുണ്ടെന്നുമാണ് ആന്റോ ആന്റണി പറയുന്നത്.
42 ജവാന്മാരുടെ ജീവൻ ബലികൊടുത്താണ് കഴിഞ്ഞ തവണ ബി ജെ പി ജയിച്ചതെന്നും, സർക്കാർ അറിയാതെ അത്രയും സ്‌ഫോടക വസ്തുക്കൾ അവിടെയെത്തില്ലെന്ന് പലരും സംശയിച്ചുവെന്നും, സേനയെ നയിച്ചവരുടെ സംശയം ദൂരീകരിച്ചത് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് ആയിരിന്നുവെന്നും ആന്റോ ആന്റണി പറഞ്ഞു. ഇതോടു കൂടി ബി ജെ പി യെ എതിർക്കാൻ പാകിസ്താനെ അനുകൂലിക്കുന്നത് ഉൾപ്പെടെ ഏതറ്റം വരെ പോകുവാനും കോൺഗ്രസ് നേതാക്കൾ മടിക്കുകയില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പബ്ലിക് ഡൊമൈനിൽ ഒരു വിരൽത്തുമ്പത്ത് ലഭ്യമാകുമെന്നിരിക്കെയാണ് വിചിത്രവും തികഞ്ഞ രാജ്യവിരുദ്ധ ആരോപണവുമായി കോൺഗ്രസ് നേതാവ് രംഗത്ത് വന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ഭീകരൻ ആയി പ്രഖ്യാപിച്ച മസൂദ് അസ്ഹറിന്റെ സംഘടന ആയ ജെയ്ഷ് ഇ മുഹമ്മദ് 2019 ൽ തന്നെ പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ബി ബി സി, റോയിട്ടേഴ്‌സ് തുടങ്ങിയ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്ത വാർത്ത കോൺഗ്രസ് നേതാക്കൾക്ക് മാത്രം ലഭ്യമല്ല എന്നത് വളരെ വിചിത്രമാണ്. ഉത്തരവാദിത്വം ഏറ്റെടുത്തു എന്ന് മാത്രമല്ല ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതി പുൽവാമ ആക്രമണത്തെ ആ സമയത്ത് തന്നെ അപലപിച്ചു കൊണ്ട് പ്രമേയം പാസാക്കിയിട്ടും ഉണ്ട്, എന്നറിയുമ്പോഴാണ് കോൺഗ്രസ് എന്ന സംഘടന എത്ര മാത്രം രാജ്യ വിരുദ്ധമായി കൊണ്ടിരിക്കുകയാണ് എന്ന് നമുക്ക് വ്യക്തമാകുന്നത്.
നിലവിൽ 2200 കോടിയുടെ ജലവൈദ്യുത പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം നേരിട്ട് കൊണ്ടിരിക്കുകയാണ് മുൻ ജമ്മു കശ്മീർ ഗവർണർ ആയ സത്യപാൽ മാലിക്. ഡൽഹിയിലും ജമ്മു കശ്മീരിലുമായി കഴിഞ്ഞ ജനുവരിയിൽ എട്ടോളം സ്ഥലങ്ങളിൽ സി ബി ഐ പരിശോധന നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വസതിയിൽ നിന്നും 21 ലക്ഷം രൂപയും ഡിജിറ്റൽ ഉപകരണങ്ങൾ, കംപ്യൂട്ടറുകൾ, അനധികൃത സ്വത്ത് സംബന്ധിച്ച രേഖകൾ, കുറ്റാരോപണ രേഖകൾ എന്നിവയും സിബിഐ കണ്ടെടുത്തിരുന്നു.
Discussion about this post