ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. വിവിധ സംസ്ഥാനങ്ങളിലായി 72 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടിട്ടുള്ളത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇത്തവണയും നാഗ്പൂരിൽ നിന്നും തന്നെയായിരിക്കും മത്സരിക്കുക. മറ്റു കേന്ദ്രമന്ത്രിമാരിൽ പിയൂഷ് ഗോയൽ മുംബൈ നോർത്തിൽ നിന്നും പ്രഹ്ലാദ് ജോഷി കർണാടകയിലെ ധനവാഡിൽ നിന്നും മത്സരിക്കും.
ഹരിയാന മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച മനോഹർലാൽ ഖട്ടാർ കർണാൽ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നതാണ്. ബിജെപിയുടെ യുവതാരം തേജസ്വി സൂര്യ ഇത്തവണയും ബംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നതാണ്. ബംഗളൂരുവിലെ ഷിമോഗ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നത് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര ആണ്.
കർണാടകയിലെ ബിജെപിയുടെ മറ്റൊരു പ്രമുഖ സ്ഥാനാർത്ഥി ജനതാദൾ നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ മരുമകൻ സി എൻ മഞ്ജുനാഥ് ആണ്. ബംഗളൂരു റൂറൽ മണ്ഡലത്തിൽ നിന്നാണ് മഞ്ജുനാഥ് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്. കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹാവേരി മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നതാണ്. കേരളത്തിലെ ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ അടുത്ത ഘട്ടത്തിൽ ആയിരിക്കും പ്രഖ്യാപിക്കുക.
Discussion about this post