ന്യൂഡൽഹി : ഡൽഹിയിലെ ഗതാഗതക്കുരുക്കിന് ഏറെ ആശ്വാസമായി മാറിയ ഡൽഹി മെട്രോ നാലാം ഘട്ടത്തിലേക്ക് കടക്കുന്നു. പുതിയ രണ്ട് മെട്രോ ഇടനാഴികൾക്ക് കൂടി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. 20.762 കിലോമീറ്റർ നീളത്തിലാണ് ഈ ഇടനാഴികൾ നിർമ്മിക്കപ്പെടുന്നത്. 8,399 കോടി രൂപ ചിലവിലാണ് ഡൽഹി മെട്രോയുടെ നാലാം ഘട്ടം സർക്കാർ പൂർത്തീകരിക്കുക.
പുതിയ രണ്ട് മെട്രോ ഇടനാഴികളിൽ ഇന്റർലോക് – ഇന്ദ്രപ്രസ്ഥ ഇടനാഴി നേരത്തെയുള്ള ഗ്രീൻ ലൈനിൻ്റെ ഒരു വിപുലീകരണമായിട്ടാണ് ആരംഭിക്കുന്നത്. ലജ്പത് നഗർ – സാകേത് ജി ബ്ലോക്ക് ഇടനാഴി ആണ് പുതുതായി നിർമ്മാണം ആരംഭിക്കുന്ന മറ്റൊരു മെട്രോ ഇടനാഴി. ഇന്റർലോക് – ഇന്ദ്രപ്രസ്ഥ ഇടനാഴിയിൽ 10 മെട്രോ സ്റ്റേഷനുകളും ലജ്പത് നഗർ – സാകേത് ജി ബ്ലോക്ക് ഇടനാഴിയിൽ എട്ടു മെട്രോ സ്റ്റേഷനുകളും ആയിരിക്കും ഉണ്ടായിരിക്കുക.
പടിഞ്ഞാറൻ ഡൽഹിയിലെയും മധ്യ ഡൽഹിയിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ ഈ പുതിയ മെട്രോ ഇടനാഴികൾക്ക് കഴിയുന്നതാണ്. മാർക്കറ്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഓഫീസുകൾ, പ്രധാനപ്പെട്ട റെസിഡൻഷ്യൽ പ്രദേശങ്ങൾ, മാളുകൾ എന്നിവയെല്ലാം അടങ്ങിയ പ്രദേശങ്ങളിലൂടെയാണ് പുതിയ രണ്ട് ഇടനാഴികളും കടന്നുപോകുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, തലസ്ഥാനത്തെ മൊത്തം പൊതുഗതാഗതത്തിൻ്റെ 27% ഇപ്പോൾ ഡൽഹി മെട്രോയാണ് ഗതാഗതസൗകര്യത്തിനായി ഉപയോഗിക്കുന്നത്. പുതിയ ഇടനാഴികൾ കൂടി പൂർത്തിയാകുന്നതോടെ ഇതിൽ കൂടുതൽ വർദ്ധനവ് ഉണ്ടാകുന്നതാണ്.
Discussion about this post