ബംഗളൂരു: തിരക്കേറിയ റോഡിൽ നമ്പർ പ്ലേറ്റില്ലാത്ത സ്‌കൂട്ടറിൽ അഭ്യാസ പ്രകടനം നടത്തിയ യുവാക്കളെ തിരഞ്ഞ് പോലീസ്. നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് നിർദേശം നൽകിയത്. നടുറോഡിൽ സ്‌കൂട്ടറിൽ ഒരു യുവാവ് അഭ്യാസം കാണിക്കുന്നതും പിന്നിലൂടെ മറ്റൊരു സ്‌കൂട്ടറിൽ പിറകെ പോകുന്ന യുവാക്കൾ ഇത് ചിത്രീകരിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഇന്നലെ ഹൊസൂർ ദേശീയ പാതയിലായിരുന്നു സംഭവം. തേർഡ് ഐ എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിച്ചത്.
ഹെസൂർ ദേശീയപാതയിൽ ചന്ദപുര ജംഗ്ഷനിൽ ഇന്നലെ രാവിലെ 9.50നാണ് സംഭവമെന്ന് തേർഡ് ഐ എക്സ് പോസ്റ്റിൽ പറയുന്നു. AP 39 EC 1411 എന്ന നമ്പറിലുള്ള സ്‌കൂട്ടറിൽ സഞ്ചരിച്ചവരാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വീഡിയോയിൽ വ്യക്തമാണ്. മൂന്ന് പേരാണ് ഈ സ്‌കൂട്ടറിലും യാത്ര ചെയ്യുന്നത്.
വീഡിയോ വൈറലായതോടെ യുവാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മറ്റുള്ളവരുടെ ജീവന് പോലും ഭീഷണി ഉയർത്തുന്ന തരത്തിൽ ഭീഷണി ഉയർത്തി ഇത്തരത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ പോലീസ് കർശന നടപടിയെടുക്കണമെന്ന് കമന്റുകളിൽ അഭിപ്രായമുയർന്നിട്ടുണ്ട്.
ബംഗളൂരു ട്രാഫിക് പോലീസും ബംഗളൂരു റൂറൽ എസ്പിയും ആണ് യുവാവിനെ കണ്ടെത്തി നടപടി സ്വീകരിക്കാൻ നിർദേശിച്ചിരിക്കുന്നത്. യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇയാളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Discussion about this post