കോഴിക്കോട്: ബിജെപിയിലേക്കുളള കൂട്ടുമാറ്റത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. എങ്ങനെയാണ് നിങ്ങൾക്ക് ഇത് ചെയ്യാൻ സാധിക്കുന്നതെന്ന് ചോദിക്കുന്ന മുഖ പത്രം ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാൻ ഉണ്ടാക്കിയ ഐസിസി സമിതി അധ്യക്ഷൻ അജയ് താക്കൂർ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നതിനെയും വിമർശിച്ചു.
ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷകളെയാണ് കോൺഗ്രസ് ഇല്ലാതാക്കുന്നത് എന്ന് പറയുന്ന പത്രം ഈ കൂടുമാറ്റങ്ങൾ നടക്കുന്നത് സിപിഐഎമ്മിലേക്കോ തിരിച്ചോ ആണെങ്കിൽ പ്രശ്നമില്ല എന്നും വ്യക്തമാക്കി . ഈ കൂടുമാറ്റം ആശങ്കാജനകമെന്നും സമസ്ത പറയുന്നു. പേടിപ്പിക്കുന്ന കൂടുമാറ്റങ്ങൾ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.
“കഴിഞ്ഞ രണ്ടുമാസത്തിനിടെ, രാജ്യത്തെ പ്രബല കക്ഷിയിൽനിന്നുമാത്രം നാൽപ്പതോളം മുതിർന്ന നേതാക്കളാണ് ബി.ജെ.പിയിലേക്ക് പോയത്. നേതാക്കൾ ഉൾപ്പെടെയുള്ളവർ ബി.ജെ.പിയിൽ പോകുന്നത് തടയാൻ കഴിഞ്ഞവർഷം ഈ രാഷ്ട്രീയ സംഘടന അഞ്ചംഗസമിതി രൂപീകരിച്ചിരുന്നു. കൃത്യം ഒരു വർഷം തികയുംമുമ്പ് അതിന്റെ അധ്യക്ഷൻ തന്നെ കഴിഞ്ഞദിവസം ബി.ജെ.പിയിലേക്ക് പോയി
ജാനാധിപത്യവും മതേതരത്വവും ജീവവായുപോലെ ഉള്ളിൽ കൊണ്ടുനടക്കുന്ന ഇന്നാട്ടിലെ കോടിക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷകളും വിശ്വാസങ്ങളും ഊതിക്കെടുത്തിയാണ് രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ഈ കൂടുമാറ്റം” എന്നിങ്ങനെ പോകുന്നു സുപ്രഭാതത്തിന്റെ മുഖപ്രസംഗം.
Discussion about this post