കോഴിക്കോട്: കേന്ദ്രസർക്കാർ കുറഞ്ഞ വിലയ്ക്ക് നൽകുന്ന ഭാരത് റെസിനോട് മത്സരിക്കാനായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച കെ റൈസ് ബ്രാൻഡ് അരി തീർന്നു. ജില്ലയിലെ 138 ഔട്ട്ലെറ്റുകളിലും അരി വിൽപ്പനയ്ക്കായി കഴിഞ്ഞ ദിവസം തന്നെ എത്തിച്ചിരുന്നു. അരി എത്തിത്തുടങ്ങിയതോടെ പല ഔട്ട് ലെറ്റുകളിലും വിൽപ്പന സജീവമായി.
കുറുവ അരിയാണ് വിതരണത്തിനായി എത്തിച്ചത്. ഒരു റേഷൻ കാർഡിന് അഞ്ച് കിലോഗ്രാം അരിയാണ് നൽകുന്നത്. കെ-റൈസ് എന്ന ബ്രാൻഡ് പേര് പതിച്ച കുറച്ച് സഞ്ചികളും ഔട്ട്ലെറ്റുകൾക്ക് നൽകിയിട്ടുണ്ട്. കിലോ 30 രൂപയ്ക്കാണ് വിൽപ്പന.
തെലങ്കാനയിൽ നിന്ന് കടമായാണ് കെ-റൈസിനായുള്ള ജയ അരി കേരളം വാങ്ങിയത്. കിലോഗ്രാമിന് 41 രൂപ നിരക്കിൽ വാങ്ങുന്ന അരിയാണ് 30 രൂപയ്ക്കും 29 രൂപയ്ക്കും വിൽക്കുന്നത്. ഇത്തരത്തിൽ നഷ്ടം സഹിച്ച് അരി വിൽക്കുമ്പോൾ സപ്ലൈകോയുടെ ബാധ്യത കൂടും. കെ-റൈസിനായി വാങ്ങിയ അരിയുടെ വില കുടിശ്ശിക വരുത്താതെ വിതരണക്കാർക്ക് നൽകേണ്ടതായുണ്ട്. പണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ കെ-റൈസ് വിതരണം പ്രതിസന്ധിയിലാകുമെന്ന ആശങ്കയും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്കുണ്ട്.
Discussion about this post