മലപ്പുറം: അരീക്കോട് ഫുട്‌ബോൾ മത്സരത്തിനിടെ ആക്രമിക്കപ്പെട്ട ഐവറികോസ്റ്റ് താരത്തിനെതിരെയും കേസെടുത്ത് പോലീസ്. ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിനെതിരെയാണ് അരീക്കോട് പോലീസ് കേസെടുത്തത്. അരീക്കോട് സ്വദേശിയുടെ പരാതിയിലാണ് നടപടി. ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ, മർദിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്്.
നേരത്തെ താരത്തെ ആക്രമിച്ച 15 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് അരീക്കോട് പോലീസ് കേസെടുത്തത്. ആയുധമുപയോഗിച്ച് മുറിവേൽപ്പിക്കുക, വധശ്രമം, ആക്രമിച്ചു പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ഹസൻ ജൂനിയർ എന്ന വിദേശതാരത്തെ കാണികൾ സംഘം ചേർന്ന് ആക്രമിച്ചത്. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസമാണ് താരം മലപ്പുറം എസ്പിയ്ക്ക് പരാതി നൽകിയത്. വംശീയമായി അധിക്ഷേപിച്ചെന്നും ഹസൻ ജൂനിയറിന്റെ പരാതിയിൽ ആരോപിച്ചിരുന്നു.
സെവൻസ് ഫുട്ബോൾ കളിക്കാൻ ഫുട്ബോൾ ക്ലബ് ആയ ജവഹർ മാവൂർ ക്ഷണിക്കപ്പെട്ട കളിക്കാരനാണ് ഹസൻ ജൂനിയർ. സംഭവം തന്നെ മാനസികമായി വേദനിപ്പിച്ചതായി ഹസൻ ജൂനിയർ പരാതിയിൽ പറഞ്ഞു. ”ഞാനും എന്റെ വംശവും അപമാനിക്കപ്പെട്ടു. എന്റെ തൊലിയുടെ നിറം കാരണമാണ് അവർ എന്നെ ആക്രമിച്ചത്,” അദ്ദേഹം പറഞ്ഞു.












