തിരുവനന്തപുരം; കേരളത്തിൽ താമസിക്കുന്ന റഷ്യൻ പൗരന്മാർ റഷ്യൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. റഷ്യൻ ഫെഡറേഷൻറെ ഓണററി കോൺസുലേറ്റായ തിരുവനന്തപുരത്തെ റഷ്യൻ ഹൗസിൽ പ്രത്യേകം ക്രമീകരിച്ച ബൂത്തിലായിരുന്നു വോട്ടെടുപ്പ്. ഇത് മൂന്നാം തവണയാണ് റഷ്യൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൻറെ പോളിംഗ് തിരുവനന്തപുരത്ത് ക്രമീകരിച്ചതെന്ന് റഷ്യൻ ഓണററി കൌൺസലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് നായർ പറഞ്ഞു. പോളിംഗ് പ്രക്രിയയിൽ സഹകരിച്ചതിന് കേരളത്തിലെ റഷ്യൻ പൗരന്മാരോട് അദ്ദേഹം നന്ദി അറിയിച്ചു.
കേരളത്തിൽ താമസിക്കുന്ന റഷ്യൻ പൌരന്മാർക്കും റഷ്യക്കാരായ വിനോദസഞ്ചാരികൾക്കും വേണ്ടിയാണ് വോട്ടെടുപ്പിനുള്ള സജ്ജീകരണം ഒരുക്കിയതെന്ന് രതീഷ് നായർ പറഞ്ഞു. റഷ്യൻ ഫെഡറേഷൻറെ സെൻട്രൽ ഇലക്ഷൻ കമ്മീഷനുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. തങ്ങളുടെ പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ വോട്ട് ചെയ്യാൻ ഉത്സാഹം കാണിച്ച റഷ്യൻ പൗരന്മാരോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു.
മാർച്ച് 15 മുതൽ 17 വരെയാണ് റഷ്യയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പ്. റഷ്യൻ പൗരന്മാർ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ 11 ടൈം സോണുകളിൽ നിന്ന് വോട്ട് ചെയ്യും. റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനെതിരെ മൂന്ന് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ലിയോനിഡ് സ്ലട്ട്സ്‌കി, ന്യൂ പീപ്പിൾ പാർട്ടിയുടെ വ്ലാഡിസ്ലാവ് ദവൻകോവ്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിക്കോളായ് ഖാരിറ്റോനോവ് എന്നിവരാണ് പുടിൻറെ എതിരാളികൾ.












