കോഴിക്കോട്: കളിക്കുന്നതിനിടെ ടാർ വീപ്പയിൽ കയറി ഒളിച്ച ഏഴുവയസുകാരനെ പുറത്തെത്തിച്ചത് ഒരു മണിക്കൂറിന് ശേഷം. ഓമശ്ശേരി പഞ്ചായത്തിലെ മുണ്ടുപാറയിൽ താമസിക്കുന്ന നങ്ങാച്ചിക്കുന്നുമ്മൽ ഫസലുദ്ദീന്റെ മകൻ സാലിഹാണ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.
കൂട്ടുകാരുമായി ചേർന്ന് കളിക്കുന്നതിനിടയിൽ സാലിഹ് വീപ്പക്കുറ്റിയിൽ കയറി ഒളിക്കുകയായിരുന്നു. എന്നാൽ, വീപ്പയുടെ അടിയിൽ ടാർ ഉണ്ടായിരുന്നത് കുട്ടി ശ്രദ്ധിച്ചിരുന്നില്ല. വീപ്പയിൽ ഇറങ്ങിയതോടെ സാലിഹിന്റെ മുട്ടോളം ടാറിൽ പുതഞ്ഞു പോവുകയായിരുന്നു. മറ്റു കുട്ടികളാണ് ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.
ധരിച്ചിരുന്ന പാന്റിന്റെ പകുതിയോളം ഭാഗം കീറിക്കളഞ്ഞാണ് സാലിഹിനെ പുറത്തെത്തിച്ചത്. ഒരു മണിക്കൂറോളം പണിപ്പെട്ടാണ് കാലിൽ ഉറച്ചുപോയ ടാറിന്റെ അംശങ്ങൾ തുടച്ചു മാറ്റിയത്.
മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബുദ്ദുൽ ഗഫൂർ, സീനിയർ ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ എൻ. രാജേഷ്, ഫയർ ആന്റ് റെസ്‌ക്യു ഓഫീസർമാരായ കെ ശനീബ്, കെ ടി സാലിഹ്, കെ രജീഷ്, ആർ വി അഖിൽ, ഹോം ഗാർഡ് ചാക്കോ ജോസഫ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.













Discussion about this post