ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ പുതിയ സീസണിന് മുൻപായി പേരുമാറ്റത്തിന് ഒരുങ്ങുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ആർ സി ബി എന്നറിയപ്പെടുന്ന ടീം പുതിയ സീസണിൽ പുതിയ പേരിൽ ഭാഗ്യം പരീക്ഷിക്കാനാണ് ഒരുങ്ങുന്നത്. വർഷങ്ങളായി നിരവധി ആരാധകർ ഉണ്ടായിട്ടും നിരവധി മികച്ച പെർഫോമൻസുകൾ പുറത്തെടുത്തിട്ടും ഇതുവരെയും കപ്പ് നേടാൻ കഴിയാത്ത നിർഭാഗ്യം പേരുമാറ്റത്തിലൂടെ മാറും എന്നാണ് ആർ സി ബി ആരാധകർ കരുതുന്നത്.
കാന്താര എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ തരംഗമായി മാറിയ ഋഷഭ് ഷെട്ടി ആണ് ആർസിബിയുടെ പുതിയ പേര് വെളിപ്പെടുത്താൻ എത്തുന്നത്. പുതിയ പേര് വെളിപ്പെടുത്തുന്നതിന് മുൻപ് ഒരു ടീസർ ടീം പുറത്തിറക്കിയിട്ടുണ്ട്. ഐപിഎൽ മത്സരങ്ങൾ തുടങ്ങാനായി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ആർസിബി ഇത്തരത്തിൽ ഒരു സുപ്രധാന തീരുമാനം എടുത്തിട്ടുള്ളത്.
ഈ വർഷത്തെ ആർസിബിയുടെ ആദ്യ മത്സരം മാർച്ച് 22ന് എം എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്നതാണ്. ഫാഫ് ഡുപ്ലെസിസിന്റെ നേതൃത്വത്തിലാണ് ഇത്തവണ ആർ സി ബി മത്സരത്തിനിറങ്ങുന്നത്. ചെന്നൈ സൂപ്പർ കിംഗ്സുമായാണ് ആർസിബിയുടെ ആദ്യ പോരാട്ടം. ഐപിഎൽ തുടങ്ങുന്നതിനു മുൻപായി ആർസിബിയുടെ പുതിയ പേരിനായി കാത്തിരിക്കുകയാണ് ആരാധകർ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്ന പേരിലെ ബാംഗ്ലൂർ എന്ന വാക്ക് മാറ്റുന്നതായാണ് ടീസർ സൂചന നൽകുന്നത്. ബാംഗ്ലൂർ എന്ന വാക്ക് മാറ്റി ബംഗളൂരു എന്നാക്കി മാറ്റും എന്നാണ് ആരാധകർ ഈ ടീസറിനടിയിൽ അഭിപ്രായം രേഖപ്പെടുത്തുന്നത്.








