ന്യൂഡൽഹി: രാമക്ഷേത്രത്തിനായുള്ള രാംലല്ല നിർമ്മിക്കുന്നതിനിടെ നേരിടേണ്ടിവന്ന വെല്ലുവിളികൾ തുറന്ന് പറഞ്ഞ് ശിൽപ്പി അരുൺ യോഗിരാജ്. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയുടെ കോൺക്ലേവിൽ ആയിരുന്നു നേരിടേണ്ടിവന്ന പരീക്ഷണങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. എങ്കിലും ഭംഗിയായി നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ജൂണിലാണ് ബാലക രാമന്റെ രൂപം നിർമ്മിക്കാൻ ആരംഭിച്ചത്. ഇതിന്റെ നിർമ്മാണം 70 ശതമാനം പൂർത്തിയായതിന് പിന്നാലെ അയോദ്ധ്യ രാം മന്ദിർ നിർമ്മാണ കമ്മിറ്റി ചെയർമാൻ ന്രിപേന്ദ്ര മിശ്ര തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇതോടെയാണ് പരീക്ഷണം ആരംഭിച്ചത്. നമ്മൾ തുടരുന്നത് പോലെ വെള്ള മാർബിളിൽ ബാലക രാമന്റെ രൂപം നിർമ്മിക്കുന്നത് ശരിയാകില്ലെന്ന് അദ്ദേഹം പറയുകയായിരുന്നു. തുടർന്ന് വിഗ്രഹം കൊത്താനായി തീരുമാനിച്ച കല്ലിൽ എട്ട് പരിശോധനകൾ നടത്തി. ഇതിൽ ഒരെണ്ണം പരാജയപ്പെട്ടു. എങ്കിലും ഇതിൽ തന്നെ വിഗ്രഹം നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അരുൺ യോഗിരാജ് പറഞ്ഞു.
ഏറെ ശ്രമകരമാണെങ്കിലും ശിൽപ്പം നിർമ്മിക്കാൻ സമ്മതിച്ചു. തുടർന്ന് സെപ്തംബറിൽ നിർമ്മാണം ആരംഭിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ഒരു നിമിഷം പോലും വെറുതെ കളഞ്ഞിട്ടില്ല. ഇത് വലിയ മാനസിക സമ്മർദ്ദം ആയിരുന്നു നൽകിയത്. എന്നാൽ തന്റെ മുൻകാല സൃഷ്ടികൾ ശ്രമവുമായി മുന്നോട്ട് പോകാനുള്ള പ്രചോദനം നൽകി.
ജീവിതത്തിൽ പരീക്ഷണങ്ങൾ ഉണ്ടാകുമെന്നത് സ്വാഭാവികമാണ്. ഭഗവാന് പോലും പരീക്ഷണം നേരിടേണ്ടിവന്നിട്ടുണ്ട്. വനവാസം ഭഗവാൻ നേരിട്ട പരീക്ഷണം ആയിരുന്നു. അത്രയൊന്നും പ്രയാസങ്ങൾ രാമൻ നമുക്ക് നൽകുന്നില്ല.
രാംല്ലയ്ക്കായി ഉപയോഗിച്ച കല്ല് വളരെ ബലമേറിയത് ആയിരുന്നു. അതിനാൽ സൂക്ഷ്മമായി കാണാനായി കണ്ണട ഉപേക്ഷിക്കേണ്ടിവന്നു. കൊത്തുപണികൾക്കിടെ ചെറിയ കല്ലിന്റെ ചീള് വലത് കണ്ണിൽ വീണ് പരിക്ക് പറ്റി. ഡോക്ടറെ കണ്ടെപ്പോൾ കുറച്ച് ദിവസം കണ്ണിന് വിശ്രമം നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ട് ദിവസം മാത്രമേ അതിന് കഴിഞ്ഞുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കരുണ ഭാവത്തിൽ വേണം ബാലക രാമന്റെ കണ്ണുകൾ. ഇതായി അടുത്ത വെല്ലുവിളി. ബലമേറിയ കല്ലിൽ കണ്ണുകൾ ഭംഗിയായി തീർക്കുക പ്രയാസമാണ്. കണ്ണുകളിൽ ഒരു പോറലും ഉണ്ടാകരുത്. എന്ത് ചെയ്യുമെന്ന് അറിയാതെ നിന്നു. തുടർന്ന് പൂർവ്വികരുടെ ഗ്രന്ഥങ്ങൾ പരിശോധിച്ചു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം നെയ്യും തേനും ഉപയോഗിച്ചാണ് കണ്ണുകൾ തിളക്കമുള്ളത് ആക്കിയത് എന്നും അരുൺ യോഗിരാജ് കൂട്ടച്ചേർത്തു.
Discussion about this post