ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം കടന്നതോടെ മാർഗ്ഗനിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിക്കുന്നതിനിടെ ആയിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന ശിക്ഷ നൽകുമെന്നും കമ്മീഷണർ മുന്നറിയിപ്പ് നൽകി.
പ്രചാരണ വേളയിൽ വിദ്വേഷ പ്രസംഗം പാടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. എതിർ സ്ഥാനാർത്ഥികളുടെ സ്വകാര്യ ജീവിതത്തെ വിമർശിക്കുന്ന തരത്തിൽ പ്രസംഗിക്കരുത്. ജാതിയുടെയോ മതത്തിൻറെയോ പേരിൽ വോട്ട് ചോദിക്കരുത്. ജനങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രചരിപ്പിക്കരുത്. പരസ്യം വാർത്തയായി നൽകരുത്. മാദ്ധ്യമങ്ങളിലൂടെ എതിർ സ്ഥാനാർത്ഥികളെ അധിക്ഷേപിക്കരുത് എന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി കുട്ടികളെ ഉപയോഗിക്കരുത്. താര പ്രചാരകർ അച്ചടക്കം പാലിക്കണം.ചട്ടലംഘനം ആവർത്തിക്കുന്നവർക്കുള്ള ശിക്ഷ താക്കീതിൽ ഒതുങ്ങില്ല. റീ പോളിംഗിനുള്ള സാദ്ധ്യതകൾ ഒഴിവാക്കണം എന്നും അദ്ദേഹം നിർദ്ദേശിച്ചു.
തിരഞ്ഞെടുപ്പ് വാർത്തകൾ നൽകുന്നതിൽ മാദ്ധ്യമങ്ങളും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അറിയിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post