കണ്ണൂർ: കേളകം, അടയ്ക്കാതോട് മേഖലയിൽ കടുവയിറങ്ങി. പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. അടയ്ക്കാത്തോടിലെ ചിറക്കുഴിയിൽ ബാബുവിന്റെ വീടിനോട് ചേർന്ന് കടുവ നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ കരിയാൻ കാപ്പിലും നാട്ടുകാർ കടുവയെ കണ്ടിരുന്നു. ഇതിന്റെ മൊബൈൽ ഫോൺ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീട്ടുമുറ്റത്തും പരിസരങ്ങളിലുമെല്ലാം പട്ടാപ്പകൽ കടുവ കടന്നുപോകുന്നത് പരിസരവാസികളിൽ പരിഭ്രാന്തി പടർത്തിയിട്ടുണ്ട്.
കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് ആർആർടി സംഘത്തെ നിയോഗിച്ചതായും വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസം കൊട്ടിയൂരിൽ നിന്നും കടുവയെ പിടികൂടിയിരുന്നു.












