ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപിയും അവഹേളിച്ച് നടത്തിയ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ നടപടി സ്വീകരിച്ച് ഝാർഖണ്ഡ് കോടതി. കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിന് കോടതി നോട്ടീസ് നൽകി. ചായ്ബസയിലെ എംപി/എംഎൽഎ കോടതിയാണ് നോട്ടീസ് നൽകിയത്.
ഈ മാസം 27 ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ബിജെപി നേതാവ് പ്രതാപ് ഷെട്ടാരിയയുടെ ഹർജിയിലാണ് നടപടി. അടുത്തിടെ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത് കോടതി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ വിളിപ്പിച്ചത്.
2018 ലായിരുന്നു രാഹുൽ ബിജെപിയ്ക്കും നേതാക്കൾക്കുമെതിരെ മോശം പരാമർശം നടത്തിയത്. പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ഇത്. അന്ന് ബിജെപിയുടെ ദേശീയ അദ്ധ്യക്ഷൻ ആയിരുന്നു അമിത് ഷാ. ഏതൊരു കൊലപാതകിയ്ക്കും ബിജെപിയുടെ പ്രസിഡന്റാകാം എന്നായിരുന്നു രാഹുൽ പറഞ്ഞത്. ലോയ കേസിൽ കോടതി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മുൻകാല ചരിത്രം പരിശോധിക്കുമ്പോൾ അമിത് ഷാ വിശ്വസിക്കാൻ പറ്റുന്ന ആളാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. ഈ പരാമർശത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് രാഹുലിനെതിരെ കേസ് നിലനിൽക്കുന്നത്.









