കഴിഞ്ഞ ദിവസമാണ് പൊതുതിരഞ്ഞെടുപ്പിന്റെ തിയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഇതോടെ രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു. രാഷ്ട്രീയ പാർട്ടികൾ കൊണ്ടു പിടിച്ച പ്രചാരണത്തിലാണ്. ജനാധിപത്യത്തിന്റെ ഈ മഹോത്സവത്തിൽ നിർണായക പങ്കാണ് 18 വയസ് തികഞ്ഞ ഓരോ ഇന്ത്യൻ പൗരനും ഉള്ളത്. കാരണം രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നത് നാം ഓരോരുത്തരുടെയും വിരൽ തുമ്പാണ്.
എന്നാൽ തിരിച്ചറിയൽ രേഖയുള്ള വോട്ടവകാശം ഉള്ള എല്ലാവർക്കും വോട്ട് ചെയ്യാൻ കഴിയില്ല. അതിന് വോട്ടർ പട്ടികയിൽ പേര് വേണം. നിശ്ചിത പരിശോധനകൾ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്ന സമ്മതിദായകരുടെ പട്ടികയാണ് വോട്ടർ പട്ടിക. പ്രായപൂർത്തിയായ ആർക്കും ഇതിൽ പേര് ചേർക്കാം. ഇത് എങ്ങനെയെന്ന് നോക്കാം.
പണ്ടുള്ളതിനെ അപേക്ഷിച്ച് ഇന്ന് വോട്ടർ പട്ടികയിൽ പേര് ചേർക്കുക വളരെ എളുപ്പമാണ്. ഓൺലൈൻ ആയി നമുക്ക് തന്നെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ‘നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടലിലാണ് ഇതിനുള്ള സൗകര്യം ഉള്ളത്. അല്ലെങ്കിൽ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴി നമ്മുടെ ഫോണിൽ നിന്നുതന്നെ രജിസ്‌ട്രേഷൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കാം.
പോർട്ടലിലും ആപ്പിലും ചില വിവരങ്ങൾ ചോദിക്കും. അവ കൃത്യമായി നൽകണം. ആവശ്യമായ വിശദാംശങ്ങൾ നൽകിയും ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്തും ഫോം-6 പൂരിപ്പിച്ചശേഷം ഓൺലൈൻ വഴി സമർപ്പിക്കാം. ഇവയ്ക്ക് പുറമേ -ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ (ഇആർഒ), വോട്ടർ ഫെസിലിറ്റേഷൻ സെന്റർ (വിഎഫ്‌സി) എന്നിവ വഴിയും ലിസ്റ്റിൽ പേര് ചേർക്കാം.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജനുവരിയിൽ തന്നെ വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിരുന്നു. എങ്കിലും അവസരം ഇനിയും ഉണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പണ തിയതിവരെ ഒരു വ്യക്തിയ്ക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷിക്കാവുന്നതാണ്.
Discussion about this post