നിർമിതിയിലെ മനോഹാരിത കൊണ്ട് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയ നിരവധി സ്ഥലങ്ങളുണ്ട് ഈ ലോകത്ത്. എന്നാൽ, നിർമിതിയുടെ ഭീകരതകൊണ്ട് പ്രശസ്തമായ ഒരു കെട്ടിടമുണ്ട് ഹോങ്കോംഗിൽ. ഭീകരത കൊണ്ട് ആളുകളുടെ പ്രീതി നേടിയ നിർമിതിയാണ് ഹോങ്കോംഗിലെ മോൺസ്റ്റർ ബിൽഡിംഗ്. നിരവധി സന്ദർശകരാണ് ഓരോ ദിവസവും ഇവിടേയ്‌ക്കെത്തുന്നത്. 18 നിലകളുള്ള ഈ കെട്ടിടത്തിൽ പതിനായിരത്തിലധികം ആളുകളാണ് താമസിക്കുന്നത്.
ഒറ്റ കെട്ടിടമല്ല മോൺസ്റ്റൺ ബിൽഡിംഗ്. പരസ്പര ബന്ധിതമായ അഞ്ച് കെട്ടിടങ്ങളുടെ ഒരു സമുച്ചയമാണ് ഇത്. ബ്രൂട്ടലിസ്റ്റ് വാസ്തുവിദ്യാശൈലി ഉപയോഗിച്ചാണ് കെട്ടിടങ്ങളുടെ നിർമാണം. ജ്യാമിതീയ രൂപങ്ങളോ മറ്റ് മാനദണ്ഡങ്ങളോ ഒന്നുമില്ലാതെ കെട്ടിടം നിർമിക്കുന്ന രീതിയാണ് ബ്രൂട്ടലിസ്റ്റ് വാസ്തു വിദ്യാശൈലി.
കെട്ടിടത്തിനെ മോടി പിടിപ്പിക്കുന്ന തരത്തിലൊന്നും തന്നെ ഇവിടെ ചെയ്തിട്ടില്ല. കുറഞ്ഞ സ്ഥലത്ത് പരമാവധി ആളുകളെ ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോൺസ്റ്റര്‍ ബിൽഡിംഗ് പണിതിരിക്കുന്നത്.
അഞ്ച് ബ്ലോക്കുകളിലുമായി 2243 യൂണിറ്റുകളാണ് കെട്ടിടത്തിനുള്ളത്. ഒരേ ആകൃതിയിലുള്ള മുറികളാണ് ഇവിടെയുള്ളതെല്ലാം. കാഴ്ചയിൽ വമ്പൻ കെട്ടിടമാണ് മോൺസ്റ്റര്‍ ബിൽഡിംഗ്. എന്നാൽ ഇതിനുള്ളിലെ ജീവിതം ഞെങ്ങി ഞെരുങ്ങിയുള്ളതാണ്.
1960 -കളിൽ ബ്രിട്ടീഷ് ഭരണകാലത്ത് കെട്ടിടം നിർമിച്ചപ്പോൾ പാർക്ക് എസ്റ്റേറ്റ് എന്നായിരുന്നു ഇതിന്റെ പേര്. ഇവിടുത്തെ താമസക്കാർക്കായി ബാർബർ ഷോപ്പുകളും കഫെയും മസാജ് പാർലറും എല്ലാം ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഇതിനുള്ളിലെ വീടുകളെങ്കിലും കണ്ടാസ്വദിക്കുവാൻ സന്ദർശകർക്ക് ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
Discussion about this post