തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നമ്മൾ ധാരാളം കേൾക്കുന്ന ഒരു വാക്കാണ് മാതൃകാ പെരുമാറ്റച്ചട്ടം. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനങ്ങളെയും ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യത്തെ മുഴുവനായും ബാധിക്കുന്ന ഒന്നാണ് മാതൃകാ പെരുമാറ്റച്ചട്ടം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച അന്നുമുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും പൂർത്തിയാകുന്നത് വരെ ഈ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ ഉണ്ടാകുന്നതാണ്.
രാഷ്ട്രീയപാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ എല്ലാം സമ്മതത്തോടെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയിട്ടുള്ളതാണ് ഈ പെരുമാറ്റച്ചട്ടങ്ങൾ. ഭരണഘടനയിലെ ആർട്ടിക്കിൾ 324 പ്രകാരം സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് നടത്താനായാണ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിൽ വരുത്തിയിട്ടുള്ളത്.
തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന കാലയളവിൽ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഭരണകക്ഷികളും എങ്ങനെ പെരുമാറണമെന്നുള്ള മാനദണ്ഡങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. രാഷ്ട്രീയപാർട്ടികളുടെ തിരഞ്ഞെടുപ്പ് യോഗങ്ങൾ മുതൽ പോളിംഗ് ദിവസത്തെ പ്രവർത്തനങ്ങൾ വരെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നിയന്ത്രണത്തിൽ ആയിരിക്കും ഈ കാലയളവിൽ നടക്കുക.
ഭരണകക്ഷികൾക്കും ഈ കാലയളവിൽ പ്രത്യേക നിയന്ത്രണങ്ങൾ ഉണ്ട്. പ്രധാനമായും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ജോലികളിൽ സർക്കാർ സംവിധാനങ്ങളോ ഉദ്യോഗസ്ഥരെയോ ഉപയോഗിക്കാൻ പാടില്ല എന്നുള്ളതാണ് വ്യവസ്ഥ. ഈ വ്യവസ്ഥയിൽ നിന്നും രാജ്യത്തെ പ്രധാനമന്ത്രിയെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. കുട്ടികൾക്ക് സർക്കാർ ഔദ്യോഗിക വാഹനങ്ങളും ഉപയോഗിക്കരുത്. കൂടാതെ ഈ കാലയളവിൽ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനും നിയമനത്തിനും പൂർണ്ണമായ നിരോധനം ഉണ്ടായിരിക്കും. നിയമനം അത്യാവശ്യമാണെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയ ശേഷം മാത്രമായിരിക്കും നടത്താൻ കഴിയുക. കൂടാതെ പത്രങ്ങളും ഇലക്ട്രോണിക് മാദ്ധ്യമങ്ങളും ഉൾപ്പെടെയുള്ളവയിൽ സർക്കാർ ഖജനാവിന്റെ ചിലവിൽ ഒരു പരസ്യവും നൽകാനും മാതൃകാ പെരുമാറ്റച്ചട്ടം അനുവദിക്കുന്നില്ല.
Discussion about this post