തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ രാജ്യം എങ്ങും കർശന നിയന്ത്രണങ്ങളാണ് നടപ്പിൽ വന്നിരിക്കുന്നത്. ഫ്ലയിങ്ങ് സ്ക്വാഡ് അടക്കമുള്ളവർ പരിശോധനയുമായി വിവിധ ഇടങ്ങളിലും ഉണ്ട്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ നിശ്ചിത അളവിൽ കൂടുതൽ പണവും മറ്റുമായി പുറത്തിറങ്ങുന്നവർ സൂക്ഷിക്കേണ്ടതാണ്. പണമോ സ്വർണമോ മറ്റെന്ത് തന്നെയായാലും കൃത്യമായ രേഖകൾ ഉണ്ടായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃക പെരുമാറ്റ ചട്ടങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇലക്ഷൻ എക്സ്പെന്റിച്ചർ മോണിറ്ററിംഗ് സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ വാഹന പരിശോധനകൾ അടക്കമുള്ളവ കാര്യക്ഷമമായി തന്നെ ഉണ്ടായിരിക്കുന്നതാണ്.
വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുമായി പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് ജില്ലാ കളക്ടർമാർ ഓരോ ജില്ലകളിലും നിർദ്ദേശം നൽകിയിട്ടുണ്ട്. അമ്പതിനായിരം രൂപയിൽ കൂടുതൽ പണം കൈവശം കൊണ്ടു നടക്കുന്നവർ പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന കൃത്യമായ രേഖകളും ഒപ്പം കരുതണം. കൂടാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പത്രികകളും മറ്റും പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ രാഷ്ട്രീയപാർട്ടികൾ ജില്ലാ കളക്ടർക്ക് സമർപ്പിക്കേണ്ടതാണ്.
Discussion about this post