പത്തനംതിട്ട : അയൽവാസിക്ക് അത്യാവശ്യ സാഹചര്യത്തിൽ പണവും സ്വർണവും കടം കൊടുത്തതിന്റെ പേരിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നിരവധി തവണ തിരികെ ആവശ്യപ്പെട്ടിട്ടും കടം കൊടുത്ത പണവും സ്വർണവും തിരികെ നൽകാത്തതിനെത്തുടർന്നുള്ള മനോവിഷമത്തിൽ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. കിടങ്ങന്നൂർ വല്ലന രാജവിലാസത്തിൽ പരേതനായ ത്യാഗരാജന്റെ ഭാര്യ രജനി എന്ന 54 വയസ്സുകാരിയാണ് ആത്മഹത്യ ചെയ്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു രജനി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ രജനിയെ ഉടൻ സമീപത്തെ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നതിനാൽ രജനിയെ പിന്നീട് കളമശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
രജനിയുടെ അയൽവാസിയുടെ മരുമകനായ പെരിങ്ങാല സ്വദേശിയുടെ ആവശ്യപ്രകാരം ആണ് ഇവർക്ക് 30 പവൻ സ്വർണവും മൂന്നുലക്ഷം രൂപയും കടമായി നൽകിയിരുന്നത്. മറ്റു പലർക്കും ഇവർ പണം കടം നൽകിയിരുന്നെങ്കിലും ഇത്രയും വലിയൊരു തുക ആദ്യമായാണ് കടമായി നൽകിയത്. പിന്നീട് നിരന്തരമായി തിരിച്ചു ചോദിച്ചിട്ടും ഈ പണം തിരികെ നൽകാൻ തയ്യാറാവാത്തതിനെ തുടർന്നാണ് രജനി പണം കടം കൊടുത്തതിന്റെ വിവരങ്ങൾ കുറിപ്പ് എഴുതിവെച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Discussion about this post