റാഞ്ചി: ഝാർഖണ്ഡ് മുക്തി മോർച്ച എംഎൽഎ സീത മുർമു സോറൻ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും രാജി വച്ചു. മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ സഹോദരന്റെ ഭാര്യയാണ് സീത മുർമു. ഇവർ ബിജെപിയിൽ ചേർന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനമുൾപ്പെടെ എല്ലാ സ്ഥാനത്ത് നിന്നും രാജി വയ്ക്കുന്നതായി ചൂണ്ടിക്കാട്ടി ഭർതൃപിതാവും ജെ.എം.എം നേതാവുമായ ഷിബു സോറന് സീത കത്ത് നൽകിയിട്ടുണ്ട്. ഭർത്താവ് ദുർഗാ സോറന്റെ മരണശേഷം താനും കുടുംബവും പാർട്ടിയിൽ തുടർച്ചയായി അവഗണിക്കപ്പെട്ടുവെന്ന് സീത രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. തന്റെ ഭർത്താവ് കെട്ടിപ്പടുത്ത പ്രസ്ഥാനം അതിന്റെ ആദർശങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും വ്യതിചലിക്കുന്നത് കാണുമ്പോൾ വേദനയുണ്ടെന്നും സീത മുർമു കത്തിൽ പറയുന്നു.
ജെഎംഎം ജനറൽ സെക്രട്ടറി വിനോദ് കുമാർ പാണ്ഡെ സീത മുർമുവിന്റെ രാജി സ്ഥിരീകരിച്ചു. പാർട്ടി പ്രാഥമിക അംഗത്വവും ജനറൽ സെക്രട്ടറി സ്ഥാനവും രാജി വയ്ക്കുന്നതായി അറിയിച്ച് ജെഎംഎം ആസ്ഥാനത്തേക്ക് കത്ത് അയച്ചിട്ടുണ്ട്. രാജി പാർട്ടി അദ്ധ്യക്ഷൻ ഷിബു സോറന് കൈമാറും. വിഷയത്തിൽ അദ്ദേഹം അന്തിമ തീരുമാനമെടുക്കുമെന്നും വിനോദ് കുമാർ പാണ്ഡെ അറിയിച്ചു.
Discussion about this post