ലഖ്‌നൗ : ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നപോലെ ഉത്തർപ്രദേശ് സംസ്ഥാനത്തെ രാഷ്ട്രീയത്തിൽ ഭരണം ഒരു കുടുംബത്തിന്റെ കയ്യിൽ കേന്ദ്രീകൃതമായ പാർട്ടിയാണ് സമാജ് വാദി പാർട്ടി. വർഷങ്ങളോളമായി മൂലായം സിംഗ് യാദവിന്റെ കുടുംബം കയ്യാളുന്ന പാർട്ടി ഭരണം അടുത്ത തലമുറയിലും ആർക്കും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഇപ്പോൾ എസ് പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ കുടുംബം.
പാർട്ടിയുടെ ആധിപത്യം തങ്ങളുടെ കുടുംബത്തിന്റെ കയ്യിൽ തന്നെയെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ കുടുംബത്തിലെ അടുത്ത തലമുറയും രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശനം നടത്തുകയാണ്. മുലായം സിംഗ് യാദവിന്റെ കൊച്ചുമകളും അഖിലേഷ് യാദവിന്റെ മകളുമായ അദിതി യാദവ് ആണ് പുതുതായി രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത്. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാണ് ഇപ്പോൾ അദിതി.
ഉത്തർപ്രദേശിലെ സൈഫായി കുടുംബത്തിൽ നിന്നും മൂലായം സിംഗ് യാദവ് ആണ് ആദ്യമായി രാഷ്ട്രീയത്തിലേക്കെത്തുന്നത്. പിന്നാലെ തന്നെ അദ്ദേഹത്തിന്റെ സഹോദരൻമാരായ ശിവ്പാൽ സിംഗ് യാദവ്, രാംഗോപാൽ യാദവ് എന്നിവരും രാഷ്ട്രീയ പ്രവേശനം നടത്തി. പിന്നീട് വർഷങ്ങൾക്കുശേഷം മുലായം സിംഗിന്റെ മകൻ അഖിലേഷ് യാദവ് സമാജ് വാദി പാർട്ടിയുടെ തലപ്പത്ത് എത്തി. മരുമകനായ ധർമ്മേന്ദ്ര യാദവും തൊട്ടു പിന്നാലെ പാർട്ടിയുടെ പ്രധാന സ്ഥാനത്ത് എത്തി. ഇതിനുശേഷമായിരുന്നു അഖിലേഷ് യാദവിന്റെ ഭാര്യ ഡിമ്പിൾ യാദവിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നാലെ മുലായം സിംഗിന്റെ ചെറുമകനായ തേജ് പ്രതാപ് യാദവ് 2014 ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ട് രാഷ്ട്രീയത്തിൽ എത്തി. പിന്നീട് കഴിഞ്ഞ 10 വർഷമായി ഈ കുടുംബത്തിൽ നിന്നും മറ്റാരും രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നില്ല. ഇപ്പോൾ ഇതാ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അഖിലേഷ് യാദവിന്റെയും ഡിമ്പിൾ യാദവിന്റെയും മകളും രാഷ്ട്രീയ രംഗത്തേക്ക് എത്തുകയാണ്.
Discussion about this post