ദുബായ്: യു.എ.ഇ.യില്‍ ഇനി മലയാളികള്‍ക്ക് മലയാളത്തില്‍ തയ്യാറാക്കിയ തൊഴില്‍ക്കരാറുകള്‍ ലഭിക്കും. ഹിന്ദി, തമിഴ്, ഉര്‍ദു എന്നീ ഇന്ത്യന്‍ ഭാഷകള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. 2016 ജനവരില്‍ പ്രാബല്യത്തില്‍ വന്ന തൊഴില്‍ പരിഷ്കാരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ നടപടി. അറബിയടക്കം മൊത്തം 11 ഭാഷകളില്‍ തൊഴില്‍ക്കരാര്‍ തയ്യാറാക്കാനാകും.
യു.എ.ഇ.യില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കണക്കുകള്‍ പരിശോധിച്ചാണ് ഭാഷകള്‍ക്ക് അംഗീകാരം നല്‍കിയത്. ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കുമിടയില്‍ സുതാര്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശഭാഷകള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
സുതാര്യത ഉറപ്പാക്കുന്നതിനായി ജീവനക്കാര്‍ക്ക് തൊഴില്‍ക്കരാര്‍ മാതൃഭാഷയില്‍ തയ്യാറാക്കി നല്‍കണമെന്നത് തൊഴില്‍ പരിഷ്കാരങ്ങളിലെ സുപ്രധാന വ്യവസ്ഥകളിലൊന്നാണ്. നിയമന ഉത്തരവും അനുബന്ധ വ്യവസ്ഥകളും ഇത്തരത്തില്‍ മാതൃഭാഷയില്‍ തയ്യാറാക്കേണ്ടതുണ്ട്. അറബി, ഇംഗ്ലീഷ് ഭാഷകളിലും ജീവനക്കാരന്റെ മാതൃഭാഷയിലുമാണ് കരാര്‍ തയ്യാറാക്കേണ്ടത്. ഇതുപ്രകാരം ബംഗ്ല, ചൈനീസ്, ദാരി, നേപ്പാളീസ്, ശ്രീലങ്കന്‍ ഭാഷകള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.
ഉത്തരവാദിത്വങ്ങളും കടമകളും നിബന്ധനകളും ഇരുകക്ഷികളും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. നിയമന ഉത്തരവില്‍ ഒപ്പുവെക്കുന്നതിന് മുമ്പായി തൊഴിലാളികള്‍ മുഴുവന്‍ നിബന്ധനകളും അനുബന്ധ വ്യവസ്ഥകളും വായിച്ചുമനസ്സിലാക്കണം. ഇത് സാധിച്ചില്ലെന്ന് തെളിഞ്ഞാല്‍ 2014ലെ തീരുമാനപ്രകാരം സ്ഥാപനത്തിനെതിരെ നടപടി കൈക്കൊള്ളും. തെറ്റായ വിവരം നല്‍കിയെന്ന കുറ്റത്തിന് 20,000 ദിര്‍ഹമിന്റെ പിഴ ചുമത്തുകയും ചെയ്യും.
Discussion about this post