മുംബൈ : വ്യാജ ഏറ്റുമുട്ടൽ കേസിൽ മുംബൈ പോലീസിലെ മുൻ എൻകൗണ്ടർ സ്പെഷലിസ്റ്റ് ആയിരുന്ന പ്രദീപ് ശർമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഏറ്റുമുട്ടൽ കേസിൽ ഒരു പോലീസ് ഓഫീസർക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത്. കുപ്രസിദ്ധ ഗുണ്ടാതലവനായ ചോട്ടാ രാജന്റെ സംഘത്തിലെ ലഖൻ ഭയ്യയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി എന്നാണ് പ്രദീപ് ശർമയ്ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.
2010ലായിരുന്നു വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രദീപ് ശർമ അറസ്റ്റിലാകുന്നത്. എന്നാൽ പിന്നീട് 2013ൽ പ്രദീപ് ശർമയെ സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഹൈക്കോടതി പ്രദീപ് ശർമ്മയ്ക്ക് വീണ്ടും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരയും ഗൗരി ഗോഡ്സെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആണ് പ്രദീപ് ശർമ്മയ്ക്ക് ശിക്ഷ വിധിച്ചത്.
മുംബൈ പോലീസിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആയാണ് പ്രദീപ് ശർമ അറിയപ്പെടുന്നത്. മുന്നൂറിൽ അധികം ഏറ്റുമുട്ടലുകളാണ് പ്രദീപ് ശർമയുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്. ചോട്ടാ രാജന്റെ സഹായിയായ ലഖൻ ഭയ്യയെ 2006 നവംബർ 11നാണ് വെർസോവയിലെ പാർക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പോലീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ പിന്നീട് ഇത് വ്യാജ ഏറ്റുമുട്ടൽ ആയിരുന്നെന്ന് സ്ഥിരീകരിച്ചു. ഈ കേസിൽ മറ്റു പന്ത്രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും ശിക്ഷ ലഭിച്ചിട്ടുണ്ട്.
Discussion about this post