മുംബൈ; ഐപിഎല്ലിൽ ആദ്യമത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ താരം സൂര്യകുമാർ കളിക്കില്ലെന്ന് റിപ്പോർട്ട്. മുബൈ ഗുജറാത്തിനെതിരെയാണ് ആദ്യ മത്സരം. സൂര്യകുമാർ ഹെർണിയയ്ക്കുള്ള ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായിരുന്നു. നാഷണൽ അക്കാദമിയിലെ ആദ്യഫിറ്റ്‌നെസ് ടെസ്റ്റിൽ സൂര്യകുമാർ യാദവ് പാസായിരുന്നില്ല. ഫിറ്റ്‌നസ് ടെസ്റ്റിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഹൃദയം തകർന്ന ഇമോജി സൂര്യകുമാർ യാദവ് സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു.മാർച്ച് 21 ന് വീണ്ടും ഒരു ഫിറ്റ്‌നെസ് ടെസ്റ്റ് ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.
ശരീരത്തിലെ മാംസപേശികൾ ദുർബലമാകുമ്പോൾ അതുവഴി ശരീരത്തിലെ ആന്തരാവയവങ്ങൾ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് ഹെർണിയ.പ്രായഭേദമന്യേ ഹെർണിയ ഉണ്ടാകാം. കുട്ടികളിൽ, ജന്മനാലുള്ളഹെർണിയകൾ സാധാരണമാണ്, പുരുഷന്മാരിൽ ഇൻജുവൈനൽ ഹെർണിയകൾ കൂടുതലായി കാണപ്പെടുന്നു, അതേസമയം പൊക്കിളിനടുത്ത്, തുടയെല്ലിനടുത്ത് എന്നീ ഭാഗത്ത് ഹെർണിയകൾ സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു.
ഛർദ്ദി, മലബന്ധം, അടിവയറ്റിലെ നീർക്കെട്ട് എന്നിവയ്‌ക്കൊപ്പം അടിവയറ്റിലെ കടുത്ത വേദനയും നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. വയറുവേദന അല്ലെങ്കിൽ അകത്തെ തുടയുടെ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള വേദനയോ മുഴയോ അനുഭവപ്പെടുകയാണെങ്കിൽ, ഒരു പരിശോധനയ്ക്കായി ഒരു സർജനെ സന്ദർശിക്കുന്നത് നല്ലതാണ്. ക്ലിനിക്കൽ പരിശോധനയിലൂടെയാണ് ഹെർണിയ രോഗനിർണയം നടത്തുന്നത്. അൾട്രാസോണോഗ്രാഫി അല്ലെങ്കിൽ സിടി സ്‌കാൻ പോലുള്ള പരിശോധനകൾ ആവശ്യമായി വന്നേക്കാം.
Discussion about this post