തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും പ്രഗത്ഭ മോഹിനിയാട്ടം കലാകാരനുമായ ആർ എൽ വി രാമകൃഷ്ണനെ രൂക്ഷമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടം കളിക്കുന്നത് സൗന്ദര്യമുള്ള പുരുഷന്മാർ ആയിരിക്കണമെന്നും, ആർ എൽ വി രാമകൃഷ്ണനെ കാണാൻ കാക്കയെ പോലെയാണെന്നും പെറ്റ തള്ള പോലും അയാളെ കണ്ടാൽ സഹിക്കില്ലെന്നുമാണ് അവർ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
എന്നാൽ ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. സ്വന്തം കഴിവും പ്രാപ്തിയും കൊണ്ട് ഉയർന്നു വന്ന ഒരു കലാകാരനെ അയാളുടെ നിറത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നവർ തല്ലു കൊള്ളാൻ യോഗ്യരാണ് എന്ന് വ്യക്തമാക്കി ബി ജെ പി യുടെ സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി രംഗത്ത് വന്നു.
“സ്വന്തം കഴിവിനോ, പ്രയത്നത്തിനോ യാതൊരു പങ്കും ഇല്ലാത്ത ജാതി, നിറം ഇവയിലൊക്കെ അഭിരമിക്കുന്ന മനുഷ്യർ ഇപ്പോഴും ഉണ്ടെന്നത് അമ്പരപ്പിക്കുന്നതാണ്. ഒരാളുടെ തൊലിയുടെ നിറം യോഗ്യതയോ അയോഗ്യതയോ ആയി മാറും എന്ന ചിന്ത നല്ല പെട കിട്ടാത്തതിൻ്റെ അസുഖമാണ്. മുക്കാലിയിൽ കെട്ടി പുറം അടിച്ച് പൊളിച്ച് കാന്താരി അരച്ച് തേച്ചാൽ മാത്രമേ ഈ അസുഖം മാറൂ. തൊലി വെളുത്തിരിക്കുന്നത് എന്തോ മഹത്വമാണ് എന്ന് ചിന്തിക്കുന്ന ഇവരെ പോലെയുള്ള വിഷ ജന്തുക്കളെ സാമൂഹ്യ വിലക്ക് പ്രഖ്യാപിച്ച് അകറ്റി നിറുത്താൻ എല്ലാവരും തയ്യാറാകണം. ” സന്ദീപ് വാചസ്പതി പറഞ്ഞു.
ഡോ. ആർ.എൽ.വി രാമകൃഷ്ണൻ്റെ പ്രകടനത്തിൽ കലാപരമായ പോരായ്മ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാം. അതല്ല പുരുഷന്മാർ മോഹിനിയാട്ടം അവതരിപ്പിക്കുന്നതാണ് ഇവരുടെ പ്രശ്നം എങ്കിൽ അതാണ് പറയേണ്ടത്. അല്ലാതെ അയാളെ വംശീയമായും ജാതീയമായും അധിക്ഷേപിക്കുന്നത് ശുദ്ധ തെമ്മാടിത്തമാണ്.
രാമകൃഷ്ണനെ ഹൃദയപൂർവ്വം ചേർത്ത് നിർത്തുന്നു.” വചസ്പതി കൂട്ടിച്ചേർത്തു
Discussion about this post