തൃശൂർ; നർത്തകനും നടനുമായ ഡോ.ആർഎൽവി രാമകൃഷ്ണന് നേരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് അധിക്ഷേപം തുടർന്ന് കലാണ്ഡലം സത്യഭാമ. ആരുടെയും പേരെടുത്ത് താൻ പറഞ്ഞിട്ടില്ല, പറഞ്ഞത് പറഞ്ഞത് തന്നെയാണ്. താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. വ്യക്തിപരമായി ആരെയും ഉദ്ദേശിച്ചു പറഞ്ഞതല്ലെന്നും സത്യഭാമ പ്രതികരിച്ചു. മോഹിനിയാട്ടത്തെ കുറിച്ച് പറഞ്ഞതിൽ ഒരു കുറ്റബോധവുമില്ല ഇനിയും പറയും.കറുത്ത നിറമുള്ളവർ അതിനനുസരിച്ചുള്ള ജോലി ചെയ്യണമെന്നും സത്യഭാമ പറഞ്ഞു. തനിക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
കറുത്തനിറമുള്ള ഒരു കുട്ടി നൃത്തം അഭ്യസിക്കാൻ വന്നാൽ അവരെ പഠിപ്പിക്കുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ‘ നൃത്തം പഠിപ്പിക്കും പക്ഷെ മോൾ മത്സരത്തിന് പോകേണ്ട’ എന്നെ പറയൂ എന്നും സത്യഭാമ പ്രതികരിച്ചു.
മോഹിനിയാട്ടം പുരുഷൻമാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവർ നൃത്തം പഠിക്കുന്നുണ്ടെങ്കിൽ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവർ മത്സരത്തിന് വരരുത്. മത്സരങ്ങളിൽ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോൾ പലരും മത്സരങ്ങൾക്ക് വരുന്നതെന്നും സത്യഭാമ കൂട്ടിച്ചേർത്തു.
ലിംഗ വ്യത്യാസവും നിറവ്യത്യാസവും കാണിക്കുന്നത് ഒരു കലാകാരിക്ക് ചേർന്നതാണോയെന്ന ചോദ്യത്തിന് എന്താ ചേരാത്തത് എന്നായിരുന്നു മറുപടി. ഞാൻ സൗന്ദര്യത്തെക്കുറിച്ചേ പറഞ്ഞുള്ളൂ. നിങ്ങളുടെ തൊഴിൽപോലെയല്ലെന്നും ഇതിന് അത്യാവശ്യം സൗന്ദര്യം വേണമെന്നുമായിരുന്നു മാദ്ധ്യമപ്രവർത്തകരോട് സത്യഭാമ പറഞ്ഞു.
വർണവെറി നടന്നുവെന്നതിന് പോലീസിനും കോടതിയ്ക്കും തെളിവു വേണ്ടേ. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളു. പരാമർശത്തിൽ ഒരു കുറ്റബോധവും ഇല്ല. താൻ ഇനിയും പറയും. തന്റെ കലയുമായി വരുന്ന പ്രശ്‌നങ്ങളിൽ താൻ പ്രതികരിക്കുമെന്ന് സത്യഭാമ പറഞ്ഞു.
യൂണിവേഴ്സിറ്റി, സ്‌കൂൾ കലോത്സവങ്ങളിൽ വിധികർത്താവായി ഇരുന്നിട്ടുണ്ട്. അവിടെ മാർക്കിടുന്നതിന് നൽകുന്ന പേപ്പറിൽ ആദ്യ കോളത്തിലെ ചോദ്യം കുട്ടിയുടെ സൗന്ദര്യത്തെക്കുറിച്ചാണ്. എന്റെ അഭിപ്രായത്തിൽ മോഹനിയാട്ടം ചെയ്യുന്ന കുട്ടി മോഹിനിയായിരിക്കണം, മോഹനൻ ആകരുത്. മോഹനൻ മോഹിനിയാട്ടം കളിച്ചാൽ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കിൽ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തിൽ പ്രാധാന്യമുണ്ട്. ഇല്ലെങ്കിൽ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കും. ഞാൻ ഒരു വ്യക്തിയുടെ പേരും ജാതിയും മതവും ഒന്നും പറഞ്ഞിട്ടില്ല. എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹനിയാട്ടം പഠിക്കാൻ വരുന്ന കുട്ടികൾക്ക് വികാരവും വിചാരവും തിരിച്ചറിയാനാവണം. അതുകൊണ്ടാണ് എൽപി സെക്ഷനിൽ നിന്നും മോഹനിയാട്ടം എടുത്തുകളഞ്ഞതെന്നായിരുന്നു സത്യഭാമയുടെ പ്രതികരണം.
Discussion about this post