ന്യൂഡൽഹി: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ എത്തി ഇഡി. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് സംഘം നേരിട്ട് എത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അദ്ദേഹം ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇഡി സംഘം വസതിയിൽ എത്തിയത്.
ഡൽഹി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. പരിശോധനയും നടക്കുന്നുണ്ട്. ആവശ്യമെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യും. അറസ്റ്റുൾപ്പെടെയുള്ള നടപടികളിൽ നിന്നും ഇഡിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ അറസ്റ്റിലേക്കും ഇഡി കടക്കാം. അതേ സമയം അദ്ദേഹത്തിന് റൗസ് അവന്യൂ കോടതി മുൻകൂർ ജാമ്യവും അനുവദിച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തുടർച്ചയായ ഒൻപതാം തവണയാണ് ഇഡി കെജ്രിവാളിന് നോട്ടീസ് നൽകിയത്. എന്നാൽ ഓരോ തവണയും അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിനിടെ ഇഡിയുടെ നടപടി ചോദ്യം ചെയ്ത് അദ്ദേഹം നിയമ പോരാട്ടം നടത്തുകയും ചെയ്തിരുന്നു.
Discussion about this post