പാട്ന : ലോക്സഭ തിരഞ്ഞെടുപ്പിൽ കനയ്യകുമാറിന് സീറ്റ് നൽകരുതെന്ന് ഇൻഡി സഖ്യത്തിൽ ആവശ്യപ്പെട്ട് സിപിഐ. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയാണ് സഖ്യത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞതവണ കനയ്യകുമാർ മത്സരിച്ച ബെഗുസരായി മണ്ഡലത്തിൽ ഈ തിരഞ്ഞെടുപ്പിൽ മുൻ എംഎൽഎ അവധേഷ് കുമാർ റായിയെ സ്ഥാനാർത്ഥിയാക്കാൻ ആണ് സിപിഐ തീരുമാനിച്ചിരിക്കുന്നത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെഗുസരായി മണ്ഡലത്തിൽ നിന്നും സിപിഐ സ്ഥാനാർത്ഥിയായിട്ടായിരുന്നു മുൻ ജെഎൻയു യൂണിയൻ പ്രസിഡണ്ടായിരുന്ന കനയ്യകുമാർ മത്സരിച്ചിരുന്നത്. എന്നാൽ ബിജെപിയുടെ ഗിരിരാജ് സിംഗിനോട് വമ്പൻ പരാജയമായിരുന്നു കനയ്യകുമാർ ഏറ്റുവാങ്ങിയത്. 4.25 ലക്ഷം വോട്ടിനാണ് ഗിരിരാജ് സിംഗ് കനയ്യകുമാറിനെ പരാജയപ്പെടുത്തിയത്. ഇതിന് പിന്നാലെ കനയ്യകുമാർ സിപിഐ വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെഗുസരായി മണ്ഡലത്തിൽ നിന്നും കനയ്യകുമാർ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ സിപിഐ ദേശീയ അധ്യക്ഷൻ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ നേരിട്ട് കണ്ട് കനയ്യകുമാറിന് ഇത്തവണ സീറ്റ് നൽകരുതെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്നാണ് മുൻ എംഎൽഎ അവധേഷ് കുമാർ റായിയെ സ്ഥാനാർത്ഥിയാക്കാൻ ഇൻഡി സഖ്യം തീരുമാനിച്ചത്.
Discussion about this post