ഇടുക്കി : കട്ടപ്പന ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് ദിവസം തോറും കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേസിലെ മുഖ്യപ്രതിയായ നിതീഷിനെതിരെ പോലീസ് പുതുതായി ബലാത്സംഗം കുറ്റവും ചുമത്തിയിട്ടുണ്ട്. സുഹൃത്തിന്റെ അമ്മയെ പലതവണയായി പീഡിപ്പിച്ചതിനാണ് നിതീഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തിയിട്ടുള്ളത്.
2016 ന് ശേഷം പലപ്പോഴായി നിതീഷ് തന്നെ പീഡിപ്പിച്ചു എന്നാണ് സുഹൃത്തിന്റെ അമ്മയായ സ്ത്രീ പോലീസിൽ പരാതി നൽകിയിട്ടുള്ളത്. പൂജയുടെ ഭാഗമായിട്ടായിരുന്നു നിതീഷ് കൃത്യം നടത്തിയിരുന്നത്. ഗന്ധർവ്വൻ ആണ് ഇതെല്ലാം ചെയ്യുന്നത് എന്നായിരുന്നു സുഹൃത്തിന്റെ അമ്മയെ നിതീഷ് വിശ്വസിപ്പിച്ചിരുന്നത്. ഈ രീതിയിൽ പലതവണയായി ഈ സ്ത്രീയെ ദുരുപയോഗം ചെയ്തതായി നിതീഷ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
കട്ടപ്പനയിൽ നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ നിതീഷിനെയും വിഷ്ണുവിനെയും കസ്റ്റഡിയിൽ വാങ്ങിയശേഷം കൂടുതൽ ചോദ്യം ചെയ്യൽ നടത്തിയപ്പോഴാണ് നിതീഷ് മുൻപ് ചെയ്ത കുറ്റകൃത്യങ്ങളുടെ വിവരങ്ങളും പുറത്തുവരുന്നത്. കൂട്ടുപ്രതിയായ വിഷ്ണുവിന്റെ അച്ഛൻ വിജയനെയും വിഷ്ണുവിന്റെ സഹോദരിയിൽ തനിക്ക് ജനിച്ച സ്വന്തം കുഞ്ഞിനെയും ആണ് കട്ടപ്പനയിൽ നിതീഷ് കൊലപ്പെടുത്തിയിരുന്നത്. ഈ കുടുംബത്തെയും ഗന്ധർവന്റെ പേര് പറഞ്ഞ് പൂജകൾ നടത്തിയാണ് നിതീഷ് വരുതിയിലാക്കിയിരുന്നത്.
Discussion about this post