ന്യൂഡൽഹി: മോസ്‌കോയിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ഭീകരാക്രമണത്തിലെ മരണനിരക്ക് 115 ആയി. ആക്രമണത്തിൽ 145ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത നാല് ഐഎസ് ഭീകരർ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കുറിച്ചുള്ള വിശദ വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു മോസ്‌കോയിൽ ഭീകരാക്രമണം ഉണ്ടായത്. ക്രോക്കസ് സിറ്റി ഹാളിനുള്ളിൽ ഇവിടെ പ്രമുഖ ബാൻഡായ പിക്നിക്ക് സംഗീത നിശ സംഘടിപ്പിച്ചിരുന്നു. ഇത് തുടങ്ങാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ ഹാളിനുള്ളിലേക്ക് ഭീകര സംഘം മാരകായുധങ്ങളും സ്ഫോടക വസ്തുക്കളുമായി അതിക്രമിച്ച് കടക്കുകയായിരുന്നു.
ഇതിന് പിന്നാലെ കാണികൾക്ക് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. ഭീതിയിൽ ജനക്കൂട്ടം അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ ആരംഭിച്ചതോടെ ഭീകര സംഘം വെടിയുതിർത്തു. സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഹാളിന് തീപിടിച്ചു. സംഭവത്തിന് തൊട്ട് പിന്നാലെ തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്ത് വന്നു.
ആറായിരത്തോളം പേർക്ക് ഒന്നിച്ച് പങ്കെടുക്കാവുന്ന ഹാളാണ് ക്രോക്കസ് സിറ്റി ഹാൾ. പരിപാടി കാണാൻ ഇന്നലെ രാത്രി ഇവിടെ ആയിരത്തോളം പേർ എത്തിയിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ ആളുകൾ ഹാളിനുള്ളിൽ കുടുങ്ങി. ഇവരെ പോലീസ് എത്തിയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
Discussion about this post