കൊൽക്കത്ത : ചോദ്യക്കോഴ വിവാദത്തിൽ നടപടി നേരിടുന്ന ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ വീടുകളിൽ സിബിഐ റെയ്ഡ് നടത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് തൃണമൂൽ. മഹുവയുടെ കൊൽക്കത്തയിലെയും കൃഷ്ണ നഗറിലെയും വീടുകളിലാണ് സിബിഐ പരിശോധന നടത്തിയിരുന്നത് . കൃഷ്ണ നഗർ ലോക്സഭാ മണ്ഡലത്തിൽ നിന്നുമായിരുന്നു മഹുവ മൊയ്‌ത്ര ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.
മഹുവ മൊയ്ത്രയുടെ വീടുകളിൽ സിബിഐ റെയ്ഡ് നടത്തിയത് ബിജെപിയുടെ രാഷ്ട്രീയ പ്രേരിതമായ നടപടി ആണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സന്തനു സെൻ ആരോപണമുന്നയിച്ചു. പെരുമാറ്റചട്ടം നില നിൽക്കുമ്പോൾ പോലും ബിജെപി പ്രതികാര നടപടികളാണ് നടത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ പശ്ചിമ ബംഗാൾ ബിജെപി വക്താവ് സമിക് ഭട്ടാചാര്യ തൃണമൂൽ കോൺഗ്രസിന്റെ ആരോപണങ്ങൾ തള്ളി.
തൃണമൂൽ കോൺഗ്രസ് നിലവിൽ അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുകയാണെന്ന് ബിജെപി വക്താവ് സമിക് ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. മഹുവ മൊയ്ത്ര ചെയ്യുന്നതെല്ലാം തന്നെ തെറ്റായ പ്രവൃത്തികളാണ്. ലോക്പാലിന്റെ നിർദ്ദേശപ്രകാരമാണ് മഹുവയ്ക്കെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ലോക്പാലിന്റെ ഉത്തരവ് എന്നും പശ്ചിമബംഗാൾ ബിജെപി അറിയിച്ചു.
പാർലമെന്റിലെ ചോദ്യത്തിന് കോഴ വാങ്ങിയതിനെ തുടർന്ന് കഴിഞ്ഞവർഷമാണ് മഹുവ മൊയ്ത്രയെ പുറത്താക്കിയിരുന്നത്. അദാനി ഗ്രൂപ്പിനെതിരെ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യുന്നതിനായി വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് പാർലമെൻ്റ് ഐഡി ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുകയും പകരമായി കൈക്കൂലി വാങ്ങുകയും ചെയ്തതിനാണ് മഹുവ നടപടി നേരിട്ടിരുന്നത്. പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ശുപാർശ ചെയ്തതിനെ തുടർന്നാണ് മഹുവയെ പുറത്താക്കിയിരുന്നത്.
Discussion about this post