പത്തനംതിട്ട: റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്‌റ്റേഷൻ പരിസരത്ത് കഞ്ചാവ് ചെടി വളർത്തൽ. ഗ്രോ ബാഗിലാണ് വനം വകുപ്പ് ജീവനക്കാർ കഞ്ചാവ് കൃഷി നടത്തിയത്. സംഭവത്തിൽ എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അന്വേഷണം നടത്തി കോട്ടയം ഡിഎഫ്ഒയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ അറിവോടെയായിരുന്നു കഞ്ചാവ് കൃഷിയെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. നാൽപ്പതോളം കഞ്ചാവ് ചെടികളാണ് വളർത്തിയതെന്നാണ് കണ്ടെത്തൽ. പ്ലാച്ചേരി സ്‌റ്റേഷനിലെ റെസ്‌ക്യൂവർ അജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സാം കെ സാമുവൽ എന്നിവർ ചേർന്നാണ് കഞ്ചാവ് വളർത്തിയത്. അന്വേഷണത്തിൽ ഉദ്യോഗസ്ഥർക്ക് ചെടികൾ കണ്ടെത്താനായിട്ടില്ല. കഞ്ചാവ് ചെടികൾ വളർത്തിയിന്റെ ചിത്രങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ ചെടികൾ ജീവനക്കാർ നശിപ്പിച്ചിരുന്നു.
കൃഷി നടത്തിയത് ജീവനക്കാർ തന്നെയാണെന്ന് സമ്മതിക്കുന്ന ഫോറസ്റ്റ് വാച്ചർ അജേഷിന്റെ വീഡിയോ സന്ദേശം പുറത്ത് വന്നിരുന്നു. ഈ വീഡിയോ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ഗുരുതര കണ്ടെത്തലുകൾ ഉണ്ടായത്.










