തിരുവനന്തപുരം : തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരകയെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. റഷ്യയിൽ കുടുങ്ങി പോയിട്ടുള്ള എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇവരെ റഷ്യയിലേക്ക് കടത്തുന്നതിന് സഹായിച്ച റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ അന്വേഷണം നടക്കുകയാണെന്നും വി മുരളീധരൻ വ്യക്തമാക്കി.
അഞ്ചുതെങ്ങ് സ്വദേശികളായ മൂന്നു യുവാക്കൾ റഷ്യയിൽ തൊഴിൽ തട്ടിപ്പിന് ഇരയായി കുടുങ്ങിയിട്ടുള്ളതായി പരാതി ലഭിച്ചതായും മുരളീധരൻ വ്യക്തമാക്കി. അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ്, ടിനു, വിനീത് എന്നിവരാണ് റഷ്യയിൽ കുടുങ്ങിക്കിടക്കുന്നതായി പരാതി ലഭിച്ചിട്ടുള്ളത്. മാസം 2 ലക്ഷത്തോളം രൂപ ശമ്പളവും ഒരു വർഷത്തിനുശേഷം റഷ്യൻ പൗരത്വവും വാഗ്ദാനം ചെയ്താണ് റിക്രൂട്ടിംഗ് ഏജൻസി ഇവരെ റഷ്യയിലേക്ക് കടത്തിയത്.
എന്നാൽ റഷ്യയിലെത്തി ഒരാഴ്ചയ്ക്കുശേഷം ഇവരെ കൂലി പട്ടാളത്തിൽ ചേർക്കുകയായിരുന്നു എന്നാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ മൊബൈൽ ഫോണുകളും മറ്റും പിടിച്ചു വാങ്ങിയ ശേഷമാണ് മിലിറ്ററി പരിശീലനങ്ങൾ നൽകി കൂലി പട്ടാളത്തിൽ ചേർത്തത്. മൂന്നുപേരെയും തിരികെ നാട്ടിലെത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
Discussion about this post